അയോധ്യ ശ്രീരാമ ജന്മഭൂമിക്ഷേത്രത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ദർശനം. രാംലല്ലയെ കാണാൻ വൻ ഭക്തജനപ്രവാഹമാണ്. രാവിലെ 7 മുതൽ 11.30വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകീട്ട് ഏഴ് വരെയുമാണ് ദർശന സമയം. രാവിലെ 6.30ന് ജാഗരൺ, 12ന് ഭോഗ്, 7.30ന് സന്ധ്യാ എന്നിങ്ങിനെ ദിവസത്തിൽ മൂന്ന് ആരതികൾ. ക്ഷേത്രത്തിന്റെ വെബ് സൈറ്റ് വഴിയോ, നേരിട്ട് എത്തിയോ ആരതി ബുക്ക് ചെയ്യാം. വിശേഷ ദിവസങ്ങളിൽ 16 മണിക്കൂർവരെ ക്ഷേത്രം തുറന്നിരിക്കും.
അഞ്ച് ലക്ഷം ഭക്തർ എത്തിയാൽ ഒരാൾക്ക് 17 സെക്കന്റ് സമയം ദർശനം ലഭിക്കും. ഗർഭഗൃഹത്തിൽ ഇന്നലെ പ്രാണപ്രതിഷ്ഠ നടത്തിയ രാംലല്ലയെയും ഉൽസവ മൂർത്തിയായ രാംലല്ലയെയും രാമസഹോദരങ്ങളെയും ഹനുമാനെയും തൊഴാം. മൊബൈൽ ഫോൺ ഉൾപ്പെടെ സൂക്ഷിക്കാൻ പിൽഗ്രം ഫെസിലിറ്റേഷൻ സെന്ററിൽ സൗകര്യമുണ്ട്.
അയോധ്യയിൽ രാവിനെ പകലാക്കി കടുത്ത തണുപ്പിനെ വകവയ്ക്കാതെ രാംലല്ലയുടെ ആദ്യ ദർശനത്തിനായി കാത്തു നിൽക്കുകയാണ് ഭക്തർ. ക്ഷേത്രത്തിന്റെ കവാടങ്ങൾക്ക് പുറത്ത് രാമമന്ത്രങ്ങളുമായി രാത്രി മുതലേ നൂറുകണക്കിന് പേരുണ്ട്. കടുത്ത സുരക്ഷാപരിശോധനകൾക്ക് ശേഷം വേണം ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കാൻ.
Ram Mandir to open for devotees from today