republic-day-parade-3
  • നാരീശക്തി വിളിച്ചോതി സൈനിക പരേഡ്
  • കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തി
  • യുദ്ധസ്മാരകത്തില്‍ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

 

 

പെൺകരുത്തും പടക്കരുത്തും ലോകത്തിന് മുൻപാകെ അവതരിപ്പിച്ച് പ്രൗഢഗംഭീരമായി രാജ്യം 75മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കർത്തവ്യപഥിലെ പരേഡിൽ 80 ശതമാനവും വനിതകളാണ് അണിനിരന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയായി. ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യവും വികസന വേഗവും വിളിച്ചോതുന്ന 90 മിനിറ്റ് ദൃശ്യവിരുന്നായിരുന്നു പരേഡ്.

 

രാഷ്ട്രപതി ദ്രൗപദി മുർമു വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവന് പുറത്തേയ്ക്ക്. അശ്വാരൂഢസേനയ്ക്കൊപ്പം കുതിരവണ്ടിയിൽ കർത്തപഥിലേയ്ക്ക്. 40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പരേഡിനായി കുതിരവണ്ടിയിലെ വരവ്. 

 

വിഐപികൾ മുതൽ സാധാരണക്കാർവരെ ഇന്ത്യയുടെ പരിച്ഛേദമായി പരേഡ് വീക്ഷിക്കാൻ 13,000 അതിഥികൾ. വികസിത ഭാരതം, ഭാരതം- ജനാധിപത്യത്തിന്റെ മാതൃക എന്നീ സന്ദേശങ്ങളാണ് ഇത്തവണത്തെ ആഘോഷത്തിന്. ദേശീയപതാക ഉയർത്തി. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. തദ്ദേശീയമായി നിർമിച്ച പീരങ്കി ഉപയോഗിച്ച് 21 ഗൺസല്യൂട്ട്. മഞ്ഞിനെ കീറിമുറിച്ച് നാല് മീ-17 ഹെലികോപ്റ്ററുടെ പുഷ്പവൃഷ്ടി. പരേഡിന് തുടക്കം കുറിച്ച് വനിതകളുടെ ശംഖനാദം. 100 വനിതകൾ വാദ്യഘോഷം മുഴക്കി. ലഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാറിന്റെ നേതൃത്വത്തിൽ പരേഡ്. പരംവീര ചക്ര, അശോക ചക്ര ജേതാക്കൾ. ഫ്രഞ്ച് സേനാംഗങ്ങൾ. ടി 90 ടാങ്കും നാഗ് മിസൈലും പിനാക റോക്കറ്റ് ലോഞ്ചറും അടക്കം ഇന്ത്യയുടെ കരുത്ത് വിളിച്ചോതി.

 

വിവിധ സേനാവിഭാഗങ്ങൾ കർത്തവ്യപഥിലൂടെ ഉറച്ചചുവടുവയ്പ്പോടെ നീങ്ങി. കര,നാവിക,വ്യോമ സേനകളിലെ വനിതാഓഫീസർമാർ ഒന്നിച്ച് മാർച്ച് ചെയ്ത് ചരിത്രമെഴുതി. സിആർപിഎഫ് സംഘത്തെ അസിസ്റ്റന്റ് കമൻഡാന്റ് മേഘ നായരും ഡൽഹി പൊലീസ് സംഘത്തെ ശ്വേത കെ സുഗതനും നയിച്ചു. നാവികസേനയുടെ പ്ലറ്റൂൺ കമാൻഡറായി എച്ച്.ദേവികയും. തുടർന്ന് പ്രധാനമന്ത്രി ബാൽ പുരസ്ക്കാരം നേടിയ 18 പേർ. 16 സംസ്ഥാനങ്ങളുടെ അടക്കം 26 ഫ്ലോട്ടുകൾ.

 

യുപിയുടെ രാംലല്ല മുതൽ ഐഎസ്ആർഒയുടെ ചന്ദ്രയാൻ ദൗത്യവിജയംവരെ. പിന്നെ വിവിധ കഥകളിയടക്കം നൃത്തരൂപങ്ങളുടെ സംഗമം. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിലെ വനിതാ സേനാംഗങ്ങളുടെ ബൈക്ക് അഭ്യാസപ്രകടനം. ഏറ്റവുമൊടുവിൽ വ്യോമസേനയുടെ 51 വിമാനങ്ങൾ അണിനിരന്ന ഫ്ലൈപാസ്റ്റ്. പൈലറ്റുമാരിൽ 15 പേർ വനിതകൾ.

 

75th Republic Day celebrations unfold at Kartavya Path