പ്രധാനമന്ത്രി പങ്കെടുത്ത ക്രിസ്മസ് വിരുന്നിന് പിന്നാലെ, ക്രൈസ്തവര്‍ക്കെതിരായ ആക്രമണം ഉയര്‍ത്തി കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസും ഇടതുപക്ഷവും. മണിപ്പുരിനെക്കുറിച്ച് ചോദിക്കരുതെന്ന് സി.ബി.സി.ഐയോട് നേരത്തെ പറഞ്ഞെന്നും, വോട്ടിനായി മാത്രമുള്ള നാടകമാണിതെന്നും കെ.സി.വേണുഗോപാല്‍. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് മുഖ്യമന്ത്രിയും കുറ്റപ്പെടുത്തി.
സി.ബി.സി.ഐ വിരുന്നിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ആയുധമാക്കി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിമര്‍ശനം. ജർമനിയെ കുറിച്ച് പറയുന്ന മോദി മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സംഘപരിവാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന അഡ്ജസ്റ്റ്മെൻ്റ് മാത്രമെന്നും തുറന്നടിക്കുന്നു കോണ്‍ഗ്രസ്
ക്രിസ്മസ് സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. മത വിശ്വാസത്തെ അപരവിദ്വേഷത്തിന്‍റെ ഹേതുവാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇത്തരം ശക്തികളെ ചെറുക്കണം. വര്‍ഗീയ ശ്കതികളെ കേരളത്തിന്‍റെ പടിക്കു പുറത്തു നിര്‍ത്തണമെന്നും ഫെയ്സ്ബുക്കില്‍ മുഖ്യമന്ത്രി. സിബിസിഐ ആസ്ഥാനത്ത് മോദി നടത്തിയത് രാഷ്ട്രീയ നാടകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും. ഇതേ മോദിയുടെ സംഘബന്ധുക്കളാണ് നല്ലേപ്പിള്ളിയിൽ ക്രിസ്മസ് ആഘോഷം താറുമാറാക്കിയതെന്നും ബിനോയ് വിശ്വം. പുല്‍ക്കൂട് തകര്‍ത്തതില്‍ കരുതലോടെ പ്രതികരിച്ച ബി.ജെ.പി, പ്രധാനമന്ത്രിയുടെ വിരുന്നില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.