എക്സാലോജികിനെ ന്യായീകരിച്ച് സി.പി.എം രേഖ. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന നിയമസഭാ മണ്ഡലം ശില്‍പശാലയിലേക്ക് തയ്യാറാക്കിയിരിക്കുന്ന രേഖയിലാണ് എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെ പോലും വക്രീകരിക്കുകയാണെന്ന ന്യായീകരണമുള്ളത്. പാര്‍ട്ടി രേഖ മനോരമ ന്യൂസിന് ലഭിച്ചു. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകള്‍ മെനയുന്ന രീതി കേന്ദ്ര ഏജന്‍സികളുടെയും അതുപോലെയുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും നടന്നുവരികയാണ് എന്നു പറഞ്ഞാണ് എക്സാലോജിക് വിഷയത്തിലേക്ക് പാര്‍ട്ടി രേഖ കടക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ എക്സാലോജിക് കമ്പനി നടത്തിയ ഇടപാടുകളെ ന്യായീകരിച്ചാണ് നിയമസഭാ മണ്ഡലം ശില്‍പശാലയിലേക്ക് സി.പി.എം രേഖ തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടി രേഖയില്‍ ഇങ്ങനെ പറയുന്നു– വ്യക്തമായ കണക്കുകളോട് ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെ പോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തില്‍ അവരുടെ വാദം പോലും കേള്‍ക്കാതെയാണ് പ്രചാരണം നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്‍റെ വികസനപ്രവര്‍ത്തനത്തെയും സംസ്ഥാന സര്‍ക്കാരിനെയും തേജോവധം ചെയ്യുന്നത് രാഷ്ട്രീയ അജണ്ടയായി മുന്നോട്ടുവയ്ക്കുകയാണ്.
'മുഖ്യമന്ത്രിക്കെതിരെ' എന്ന തലക്കെട്ടോടെയാണ് പാര്‍ട്ടി ഇക്കാര്യങ്ങള്‍ സംഘടനയുടെ താഴേത്തട്ടിലേക്ക് എത്തിക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന നിലപാടും സ്വീകരിക്കുന്നതായി രേഖ പറയുന്നു. എക്സാലോജിക്കിനെതിരായ കേസും അന്വേഷണവും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന സി.പി.എം നിലപാടാണ് ഇത്തരത്തില്‍ അണികളിലേക്ക് പാര്‍ട്ടിരേഖ വഴി എത്തിക്കുന്നത്.
CPM document justifies Exalogic