നാടിനെ നടുക്കി ഉഗ്ര സ്ഫോടനത്തിന്റെ ഞെട്ടല്ലിലാണ് തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാട്ടെ നാട്ടുകാര്‍. ഒന്നിനുപുറമേ ഒന്നായി നാലുസ്ഫോടനകങ്ങള്‍. ഭൂമി കുലുങ്ങും പോലെ തോന്നി. എന്താണെന്ന് തിരിച്ചറിയും മുമ്പേ ജനല്‍ചില്ലുകളടക്കം പൊട്ടിത്തെറിച്ചു. ഭയന്ന് ഒന്നനങ്ങാന്‍ പോലും വയ്യാത്ത സ്ഥിതി. സ്ഫോടനം സമീപവാസികളില്‍ സൃഷ്ടിച്ച അവസ്ഥ അതായിരുന്നു.

സ്ഫോടനത്തില്‍ പടക്കശാല ജീവനക്കാരന്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. 14 പേര്‍ക്ക് പരുക്കേറ്റു. കനത്തചൂടില്‍ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നും പലരും ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്തായാലും അധികൃതരുടെ അനുമതിയില്ലാതെയാണ് ഇവിടെ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നാണ്  വിവരം.

പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിന് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി ജനവാസേകന്ദ്രത്തിലെ വീടാണ് ഗോഡൗണാക്കി മാറ്റിയത്. സ്ഫോടനത്തെ തുടര്‍ന്ന് ഈ വീടിനു സമീപമുള്ള പതിനഞ്ചോളം വീടുകള്‍ തകര്‍ന്നു. ഒട്ടേറെ വീടുകളുടെ ചില്ലുജനാലകള്‍ പൊട്ടിവീണു. ചില്ലുകള്‍ തറച്ചുകയറിയും ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങ്ള്‍ അരക്കിലോമീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. 2 കിലോമീറ്റര്‍ ദൂരെ വരെയുള്ള വീടുകള്‍ നാശനഷ്ടം സംഭവിച്ചു.

More about Tripunithura blast