kn-balagopal-1502

കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയവുമായി സംസ്ഥാന ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. കേരളം നല്‍കിയ നിവേദനത്തിലെ കണക്കുകള്‍ പരിശോധിക്കട്ടെ എന്ന മറുപടി മാത്രമാണ് മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രാലയത്തില്‍ നിന്ന് ലഭിച്ചത്. കേരളം സുപ്രീംകോടതിയെ സമീപിച്ചതില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായത്തെയും വായ്പ പരിധിയെയും ചൊല്ലിയുള്ള തര്‍ക്കം രാഷ്ട്രീയ വിവാദമായി മാറിയിരിക്കെയാണ് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രധനമന്ത്രാലയത്തിലെത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ നാലംഗസംഘം കേന്ദ്ര ധനസെക്രട്ടറി ടി.വി സോമനാഥ് ഉള്‍പ്പടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യങ്ങളുടെ പ്രത്യേക നിവേദനം ചര്‍ച്ചയ്ക്ക് കേരളം സമര്‍പ്പിച്ചു. കണക്കുകള്‍ പരിശോധിച്ച് സെക്രട്ടറി തലത്തില്‍ ആശയവിനിമയം നടത്താമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ച്ചകള്‍ നടക്കുമോയെന്ന് വ്യക്തമാക്കിയതുമില്ല. ചര്‍ച്ചകള്‍ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ധനമന്ത്രാലയത്തില്‍ എത്തിയെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. സുപ്രീംകോടതിയെ സമീപിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപതിയുള്ളതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം ഏബ്രഹാം, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ കേരളത്തിന്‍റെ സംഘത്തിലുണ്ടായിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍, അഡീഷണല്‍ സെക്രട്ടറി സജ്ജന്‍ സിങ് യാദവ്, ജോയിന്‍റ് സെക്രട്ടറി അമിത സിങ് നേഗി എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായി ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയുടെ ഫലം 19ന് അറിയിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാകും സുപ്രീംകോടതിയുടെ തുടര്‍നടപടികള്‍. 

Finance Minister KN Balagopal said that the discussion with the Center was not effective