തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവം കേരളത്തെ പിടിച്ചുലയ്ക്കുന്ന മണിക്കൂറുകളാണിത്. കൊല്ലത്ത് നിന്നും കാണാതായ പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയപോലെ മേരിയേയും തിരികെ കിട്ടണമേയെന്ന പ്രാര്‍ഥനയിലാണ് നാട്. അന്ന് ആ പെണ്‍കുട്ടിയെ തിരികെ ലഭിക്കാന്‍ പ്രധാന കാരണമായത് കുട്ടിയുടെ സഹോദരന്‍റെ ഉറച്ച മൊഴിയായിരുന്നു. ഇവിടെയും മേരിയുടെ സഹോദരന്മാര്‍ നല്‍കുന്ന മൊഴി ആ പെണ്‍കുഞ്ഞിനെ കണ്ടെത്താനുള്ള വഴിയാകേണ്ടതാണ്. എന്നാല്‍ ഇവരുടെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങളുള്ളതായാണ് വിവരം. 

 

മൂത്ത സഹോദരനാണ് തങ്ങള്‍ വഴിയിരികില്‍ കിടക്കുമ്പോള്‍ സമീപത്ത് ഒരു മഞ്ഞ സ്കൂട്ടര്‍ വന്നു നിന്നുവെന്നും അതില്‍ രണ്ടുപേരുണ്ടായിരുന്നു അവരാണ് മേരിയെ എടുത്തുകൊണ്ട് പോയത് എന്നും പറഞ്ഞത്. ആദ്യം പൊലീസിനോട് ഇക്കാര്യം പറഞ്ഞ കുട്ടി വിശദമായി വിവരങ്ങള്‍ ചോദിച്ചറിയവേ തന്‍റെ ഇളയ സഹോദരനാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മൊഴി തിരുത്തി. പിന്നാലെ ഇളയ സഹോദരനോട് വിവരം തിരക്കിയപ്പോള്‍ താനത് ഓര്‍ക്കുന്നില്ല, ശ്രദ്ധിച്ചില്ല എന്നൊക്കെയാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇതോടെ ആരാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 

തെരുവോരങ്ങളില്‍ തേന്‍ കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശികളായ അ‍മര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകളാണ് രണ്ടുവയസുകാരി മേരി. കൊതുക് വലയ്ക്കുള്ളില്‍ അച്ഛനും അമ്മയ്ക്കും ഇടയിലായി കിടന്ന കുഞ്ഞിനെയാണ് കാണാതായതെന്നാണ് വിവരം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 0471-2501801, 9497990008, 9497947107  എന്നീ നമ്പറുകളില്‍ വിവരം അറിയിക്കുക. കണ്‍ട്രോള്‍ റൂം നമ്പര്‍– 112.