surendran-padayathra-22
  • ഐടി സെല്‍ ചെയര്‍മാനെ മാറ്റണണമെന്ന് സുരേന്ദ്രന്‍
  • 'മനഃപൂര്‍വം ചെയ്തതെന്ന് സംശയം'

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പദയാത്രയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭരണത്തെ വിമര്‍ശിക്കുന്ന പാട്ട് ഉള്‍പ്പെട്ടതില്‍ നടപടി. ബിജെപി ഐടി സെല്‍ ചെയര്‍മാന്‍ എസ്. ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തോട് കെ. സുരേന്ദ്രന്‍. നേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫെയ്സ് ബുക്കില്‍ വന്നതിനെത്തുടര്‍ന്നാണ് നടപടി. മനപ്പൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 

പദയാത്ര പൊന്നാനിയില്‍ എത്തിയപ്പോഴാണ് ഈ അമളി. കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടതാണെന്നാണ് പാട്ടിലെ വരികള്‍. എസ്.സി– എസ്ടി നേതാക്കള്‍ക്കൊപ്പം ഭക്ഷണം എന്ന പോസ്റ്റര്‍ വിവാദം ഉണ്ടാക്കിയ ക്ഷീണം മാറും മുമ്പെയാണ് അടുത്ത പണി കിട്ടിയത്. വിഷയത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ പോലും പാര്‍ട്ടിക്കെതിരെ എത്തിയതോടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയത്. ഐടി സെല്‍ ചെയര്‍മാന്‍ എസ്. ജയശങ്കറിനെ എത്രയും വേഗം മാറ്റണമെന്നാണ് ആവശ്യം. പദയാത്രക്ക് ബിജെപിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലൊന്നും പ്രാധാന്യം നല്‍കാതിരുന്ന ഐടി സെല്‍ കേന്ദ്രത്തെ വിമര്‍ശിച്ചുള്ള പാട്ട് നല്‍കിയത് മനപൂര്‍വമാണോ എന്നാണ് സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഐടി സെല്ലിന്‍റെ വിശദീകരണം ഇങ്ങനെയാണ്.  ലൈവ് ചെയ്യുന്ന വാഹനത്തിലെ ജനറേറ്റര്‍ ഇടക്ക് നിലച്ചു. ഇതോടെ നെറ്റ്്വര്‍ക്കില്‍ ചില പ്രശ്നങ്ങളുണ്ടായി. ലൈവിനിടെ യൂട്യൂബില്‍ നിന്നെടുത്ത 2014ലെ പാട്ടെടുത്ത്  പെട്ടെന്ന് ഇടുകയായിരുന്നുവെന്നാണ് വാദം. വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പേജില്‍ നിന്ന് പാട്ട് നീക്കം ചെയ്തിട്ടുമുണ്ട്. 

K Surendran against song which criticise centre, seeks action