ചൈനയുടെ ഭീഷണികൾക്ക് ചുട്ട മറുപടി നൽകാൻ ഇന്ത്യ നടത്തിയ അഗ്നി 5 മിസൈൽ പരീക്ഷണം മിഷൻ ദിവ്യാസ്ത്രയെ നയിച്ചത് മലയാളി ശാസ്ത്രജ്ഞ. ഒരേ സമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്ന എംഐആർവി സാങ്കേതിവിദ്യ വിജയകരമായി പരീക്ഷിച്ച് രാജ്യത്തിന്റെ അഭിമാനവും കരുത്തും വനോളം ഉയർത്തിയ ദൗത്യം തിരുവനന്തപുരം സ്വദേശിനിയും ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞയുമായ ഷീന റാണിയുടെ നേതൃത്വത്തിലായിരുന്നു.

 

ഒരു മിസൈലായി പറന്നുചെന്ന് ലക്ഷ്യത്തോട് അടുക്കുമ്പോൾ ഒന്നിലധികം മിസൈൽ കുഞ്ഞുങ്ങളായി ഒന്നിലധികം ലക്ഷ്യങ്ങളിൽ പതിക്കുക. മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗറ്റഡ് റീ എൻട്രി വെഹിക്കിൾ. എംഐആർവി. ഒരു മിസൈൽ ഉപയോഗിച്ച് 5000 കിലോമീറ്ററിലധികം ഒന്നിലധികം ലക്ഷ്യങ്ങളിൽ പ്രഹരം നടത്താനുള്ള ശേഷി മിഷൻ ദിവ്യാസ്ത്രയിലൂടെ ഇന്ത്യയ്ക്ക് കൈവന്നു. അഗ്നി ഫൈവ് ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത് മലയാളിയായ ഷീന റാണി എന്ന ഡിആർഡിഒയുടെ 'ദിവ്യ പുത്രി'യാണ്. തിരുവനന്തപുരം സ്വദേശി. ഡിആർഡിഒയുടെ ഹൈദരാബാദിലെ അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞ. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ പഠനം പൂർത്തിയാക്കി. വിഎസ്എസ്‌സിയിൽ എട്ട് വർഷം സേവനമനുഷ്ഠിച്ചു. 

 

1998ലെ പൊഖ്റാൻ ആണവ പരീക്ഷണ ശേഷം ഡിആർഡിഒയിൽ. 1999ൽ അഗ്നി മിസൈൽ ഗവേഷണ പദ്ധതിയുടെ ഭാഗമായി. മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമാണ് എക്കാലത്തും പ്രചോദനം. ഭർത്താവ് പിഎസ്ആർഎസ് ശാസ്ത്രി ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായിരുന്നു. മിഷൻ ദിവ്യാസ്ത്രയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഒഡീഷയിലെ എപിജെ അബ്ദുൽ കലാം ദ്വീപിലായിരുന്നു പരീക്ഷണം. എംഐആർവി സാങ്കേതികവിദ്യയിൽ യുഎസ്, യുകെ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പമായി ഇന്ത്യ.