• 'ക്ഷണിച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത്'
  • 'മറുപടി അപ്പോള്‍ തന്നെ നല്‍കി'
  • വല്യ വില നല്‍കിയില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്

എല്‍.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറും സി.പി.എമ്മിലേക്ക് ക്ഷണിച്ചെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു ദീപ്തിയുടെ വാദം. എന്നാൽ സ്ഥാനാർഥി നിർണയത്തിന് ശേഷമാണ് ദീപ്തിയുമായി സംസാരിച്ചതെന്ന് ദല്ലാള്‍ നന്ദകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. 

പത്മജ വേണുഗോപാലിനെയും, എറണാകുളത്തെ വനിതാ കോൺഗ്രസ് നേതാവിനെയും സിപിഎമ്മിൽ എത്തിക്കാൻ ഇ.പി.ജയരാജനടക്കം ശ്രമിച്ചുവെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ പരാമർശം. ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചെങ്കിലും, പി.രാജീവിന്റെ പരിഹാസത്തിനുശേഷമാണ്  ദീപ്തി മേരി വർഗീസ് ആവർത്തിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് തന്നെ പാർട്ടിയിൽ എത്തിക്കാൻ ഇ.പി.ജയരാജൻ ശ്രമിച്ചത്. ഡമ്മി മന്ത്രിയായ പി.രാജീവിനെ പാർട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുണ്ടാകില്ലെന്നും ദീപ്തി മേരി വർഗീസ് പരിഹസിച്ചു.

ദീപ്തി മേരി വര്‍ഗീസിന്റെ വാദം തള്ളി ടി.ജി.നന്ദകുമാര്‍ രംഗത്തെത്തി. താന്‍ ദീപ്തിയെ വിളിച്ചത് തൃക്കാക്കര സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷമാണ്. ഇതിനുശേഷം ദീപ്തി ഇ.പി.ജയരാജനെ കണ്ടുവെന്നും നന്ദകുമാര്‍ മനോരമ ന്യൂസിനോട്  പ്രതികരിച്ചു. എന്നാൽ നന്ദകുമാറിന്റെ ആരോപണങ്ങള്‍ ദീപ്തി മേരി വര്‍ഗീസ് തള്ളി.

EP invited to CPM during Thrikkakkara election reveals Deepthi Mary Varghese