രാജ്യത്ത് 21 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ക്ക് വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചതെന്ന് ടെലികോം വകുപ്പിന്‍റെ കണ്ടെത്തല്‍. ഇവ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഒാണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നതായാണ് വിലയിരുത്തല്‍. വ്യാജകണക്ഷന്‍ റദ്ദാക്കാന്‍ സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരമാവധി ഒന്‍പത് സിം കാര്‍ഡ് എന്ന നിര്‍ദേശം മറികടന്നതായും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ നിലവിലുള്ള 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് ടെലികോം വകുപ്പ് പരിശോധിച്ചതിലാണ് വ്യാജന്മാരെ കണ്ടെത്തിയത്. കൃത്രിമമായ തിരിച്ചറിയല്‍ രേഖള്‍, വ്യാജ മേല്‍വിലാസം, അസാധുവായ വിവരങ്ങള്‍ എന്നിവ നല്‍കി സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ട്. ഇത്തരം 21.08 ലക്ഷം കണക്ഷനുകള്‍ കണ്ടെത്തി. ടെലികോം വകുപ്പിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്‍റലിജന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്.
സംശയമുള്ള കണക്ഷനുകളുടെ പട്ടിക ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലൈന്‍സ് ജിയോ, വൊഡാഫോണ്‍ െഎഡിയ എന്നീ കമ്പനികള്‍ക്ക് കൈമാറി. രേഖകള്‍ പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒാണ്‍ലൈന്‍ തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും ഇത്തരം വ്യാജ സിം ഉപയോഗിച്ചാണ് നടത്തുന്നത്. ഒപ്പം രാജ്യസുരക്ഷയ്ക്ക് ഭീഷണിയും. നടപടി കടുപ്പിക്കുന്നതിന്‍റെ ഭാഗമായി 1.8 ലക്ഷം മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ ബ്ലോക് ചെയ്തിരുന്നു. ഒരു തിരിച്ചറിയില്‍ രേഖ ഉപയോഗിച്ച് പരമാവധി ഒന്‍പത് സിം എന്നതാണ് ചട്ടം. ഇത് ലംഘിച്ച 1.92 കോടി കേസുകള്‍ കണ്ടെത്തി.
21 lakh SIM cards in use have fake proof