mobile-tower

സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ വയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള ചട്ടം ഭേദഗതി നാളെ സംസ്ഥാനത്ത് നടപ്പാകും. ഉടമ എതിര്‍ത്താലും പൊതുതാല്‍പര്യത്തിന് അനിവാര്യമെന്ന് കലക്ടര്‍ തീരുമാനിച്ചാല്‍ പ്രതിഷേധം വിലപ്പോവില്ല. ഇതിനായി കമ്പനികള്‍ നല്‍കുന്ന അപേക്ഷയില്‍ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. 

ടെലികോം ചട്ടത്തില്‍ ഉള്‍പ്പെടുത്തിയ 11, 12, 15,17, 56 വകുപ്പുകളാണ് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്നത്. ഇതനുസരിച്ച് പൊതു, സ്വകാര്യ ഭൂമികളില്‍ മൊബൈല്‍ ടവറുകള്‍, തൂണുകള്‍, കേബിളുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി ലഭിക്കും. ഇതിന് കമ്പനികള്‍ ആദ്യം ഭൂവുടമയെ സമീപിക്കണം. ഭൂവുടമ സമ്മതിച്ചില്ലെങ്കില്‍ കമ്പനിക്ക് ജില്ലാകലക്ടറെ സമീപിക്കാം. പൊതുതാല്‍പര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കലക്ടര്‍ അനുമതി നല്‍കും.

ഫൈവ് ജി നെറ്റ്‍വര്‍ക്കിന്‍റെ വ്യാപനം വേഗത്തിലാക്കാന്‍ കൂടി ഉദ്ദേശിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ വന്‍കിടകമ്പനികള്‍ ഫൈവ് ജി നെറ്റ്‍വര്‍ക്ക് വിപുലപ്പെടുത്താനുള്ള തീവ്രപരിശ്രമം നടത്തുന്നതിനിടെയാണ് അവര്‍ക്ക് അനുകൂലമായ ചട്ടം ഭേദഗതി പ്രാബല്യത്തില്‍ വരുന്നത്. മൊബൈല്‍ ടവറോ തൂണുകളോ കേബിള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോ സ്ഥാപിക്കാന്‍ ഭൂവുടമ അനുവദിക്കുന്നില്ലെങ്കില്‍ കമ്പനിക്ക് രേഖകള്‍ സഹിതം റൈറ്റ് ഓഫ് വേ പോര്‍ട്ടല്‍ വഴി സര്‍ക്കാരിനെ സമീപിക്കാം. കലക്ടര്‍മാര്‍ ഭൂവുടമയ്ക്ക് നോട്ടിസ് നല്‍കും. ഭൂവുടമ 15 ദിവസത്തിനകം നോട്ടിസിന് മറുപടി നല്‍കണം. ഇത് വിലയിരുത്തി പരമാവധി 60 ദിവസത്തിനകം കലക്ടര്‍ അന്തിമ തീരുമാനമെടുക്കും.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമ, നഗര വ്യത്യാസമില്ലാതെ വലിയ തര്‍ക്കങ്ങളും സമരങ്ങളും ഉടലെടുക്കാറുണ്ട്. ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍, ഭൂവുടമകളുടെയും പ്രദേശവാസികളുടെയും ആശങ്ക, നിയമപ്രശ്നങ്ങള്‍ തുടങ്ങി പല കാരണങ്ങളാലാണ് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. മൊബൈല്‍ ടവറുകളുടെ സാന്നിധ്യം റേഡിയേഷനും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന ആശങ്കയാണ് പ്രധാനം. ലോകാരോഗ്യസംഘടന ഉള്‍പ്പെടെ മൊബൈല്‍ ടവറുകളില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ തൃപ്തരല്ല. റൈറ്റ് ഓഫ് വേ ചട്ടങ്ങള്‍ നടപ്പാകുന്നതോടെ ഇത്തരം ആശങ്കകള്‍ക്ക് ആര് പരിഹാരം ഉണ്ടാക്കുമെന്ന ചോദ്യം ബാക്കിയാണ്.

Telecom companies to install mobile towers on private land, amendment will effect in the state tomorrow:

Telecom companies to install mobile towers on private land, Amendment will come into effect in the state tomorrow. Even if the owner objects, protests will not hold if the Collector decides it is necessary for public interest. Collectors can make decisions on applications submitted by the companies for this purpose.