ഇടുക്കി മാങ്കുളത്ത് നാലുപേരുടെ ജീവനെടുത്ത അപകടത്തിനു കാരണം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയെന്ന് നാട്ടുകാര്‍. പേമരം വളവില്‍ തുടര്‍ച്ചയായി നടക്കുന്ന പതിനൊന്നാമത്ത അപകടമാണിത്. നിര്‍മാണ സമയത്തുതന്നെ അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിവിട്ടുകൊടുക്കാന്‍ തയാറായിട്ടും ‌വീതി കൂട്ടിയില്ലെന്ന്  പ്രദേശവാസിയായ ലില്ലിക്കുട്ടി ആരോപിക്കുന്നു. പരാതി പറഞ്ഞ് മടുത്തെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ ജോസഫും പറയുന്നു. 

 

അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു നാല് പേർ മരിച്ച സംഭവത്തോടു പ്രതികരിക്കുകയായിരുന്നു നാട്ടുകാര്‍. പത്ത് പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മാങ്കുളം പേമരം വളവിൽ തമിഴ്നാട്ടിൽ നിന്നും സഞ്ചാരികളുമായെത്തിയ ട്രാവലർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം നാൽപ്പാതടി താഴ്ച്ചയിലേക്ക് മറിഞ്ഞു. തേനി ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ. തേനി സ്വദേശിയായ അഭിനാഷ് മൂർത്തി, മകൻ തൻവിക്. ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തിരുന്നൽവേലിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ തമിഴ്നാട് സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. 

 

നാട്ടുകാരാണ് പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പരുക്കേറ്റ പത്തുപേരെ വിദഗ്ദ ചികിത്സക്കായി പിന്നീട് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. 

 

4 die as tempo carrying tourists from Tamil Nadu plunges into gorge at AdimaliP