TAGS

ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വൻവിജയം. സഖ്യത്തിലെ ഐസയുടെ സ്ഥാനാർഥി ധനഞ്ജയ് കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബാപ്സ സ്ഥാനാർഥിയും വിജയിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയസൻസസ് കൗൺസിലർ സ്ഥാനത്തേക്ക്‌ ഇരിങ്ങാലക്കുട സ്വദേശി കെ.ഗോപിക ബാബുവും വിജയിച്ചു. 

എബിവിപി ഉയർത്തിയ വെല്ലുവിളിയിലും ഉലയാതെ ജെഎൻയു ചുവന്നുതന്നെ തുടരും. നാലുവർഷത്തിനുശേഷം നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സഖ്യത്തിലെ ഐസ സ്ഥാനാർഥി ധനഞ്ജയ് കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിഹാറിലെ ഗയയിൽനിന്നുള്ള ദലിത് വിദ്യാർഥി നേതാവാണ് ധനഞ്ജയ് കുമാർ. 27 വർഷത്തിനുശേഷമാണ് ദലിത് വിഭാഗത്തിൽനിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്.

എസ്എഫ്ഐയിൽനിന്ന് അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും ബാപ്സയിൽനിന്ന് പ്രിയാൻശി ആര്യ ജനറൽ സെക്രട്ടറിയായും എഐഎസ്എഫിൽനിന്ന് എം.സാജിദ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇടതുസഖ്യത്തിലെ ഡിഎസ്എഫ് ജനറൽ സെക്രട്ടറി സ്ഥാനാർഥി സ്വാതി സിങ്ങിന്റെ പത്രിക തള്ളിയതോടെ ബാപ്സ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ ഇടതുസഖ്യം തീരുമാനിക്കുകയായിരുന്നു. സ്കൂൾ ഓഫ് സോഷ്യൽ സയസൻസസ് കൗൺസിലർ സ്ഥാനത്തേക്ക്‌ എസ്എഫ്ഐയിൽനിന്ന് മൽസരിച്ച ഇരിങ്ങാലക്കുട സ്വദേശി കെ.ഗോപിക ബാബുവും വിജയിച്ചു.

സെൻട്രൽ സീറ്റുകളിലേക്ക്‌ 42 കൗൺസിലർമാർ വിജയിച്ചതിൽ 12പേർ എബിവിപിയും 30 പേർ ഇടത് ഉൾപ്പെടെ മറ്റ് സംഘടനകളിൽനിന്നുമാണ്. ഐസ, എസ്എഫ്ഐ, ഡിഎസ്ഫ്, എഐഎസ്എഫ് എന്നീ സംഘടനകളാണ് ഇടതുപാനലിൽ മൽസരിച്ചത്. എബിവിപി, എൻഎസ്‌യുഐ, ആർജെഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും മൽസരിച്ചു. 

Jawaharlal Nehru University (JNU) student union elections, the left coalition swept all four seats