വര്‍ണവെറി നടത്തിയ നര്‍ത്തകി സത്യഭാമക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. അപമാനിച്ചെന്ന് ആരോപിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസിന്റെ നടപടി. പട്ടിക ജാതി–വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

 

കേരളം ഒന്നടങ്കം തള്ളിക്കളഞ്ഞ ഈ വിദ്വേഷ പ്രചാരണത്തില്‍ അല്‍പം വൈകിയെങ്കിലും പൊലീസ് നടപടി തുടങ്ങി. തന്നെ അപമാനിച്ചെന്ന് ആരോപിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവാദമായ അഭിമുഖം ചിത്രീകരിച്ചത് തിരുവനന്തപുരത്തായതിനാല്‍ പരാതി ഇവിടേക്ക് കൈമാറുകയായിരുന്നു. പട്ടിക ജാതിയില്‍പ്പെട്ടയാളാണെന്ന് അറിഞ്ഞിട്ടും സമൂഹത്തില്‍ അപമാനിക്കണമെന്ന ഉദേശത്തോടെ ആക്ഷേപിച്ചൂവെന്നാണ് എഫ്.ഐ.ആറിലെ കുറ്റപ്പെടുത്തല്‍. സത്യഭാമയേക്കൂടാതെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെയും പ്രതിചേര്‍ത്തിട്ടുണ്ട്.

 

അഭിമുഖം വിവാദമായ ശേഷവും തിരുത്തലിന് തയാറാകാതിരുന്ന സത്യഭാമ താന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെന്ന് എവിടെയും പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുത്താലും ഒന്നും ചെയ്യാനാവില്ലെന്ന് വാദിച്ചിരുന്നു. ചാലക്കുടിക്കാരന്‍ നൃത്താധ്യാപകന്‍, ഇവന്‍, ഇയാള്‍, പുള്ളിക്കാരന്‍ എന്നൊക്കെ പറഞ്ഞതില്‍ നിന്ന് രാമകൃഷ്ണനെയാണ് ഉദേശിച്ചതെന്ന് മനസിലാകുമെന്നാണ് എഫ്.ഐ.ആറില്‍ വിശദമാക്കിയിരിക്കുന്നത്. കേസിനോട് സത്യഭാമ പ്രതികരിച്ചില്ല.

 

Nonbailable case against Dancer Sathyabhama