anitha-kozhikode

കോഴിക്കോട്  മെഡിക്കൽ കോളജിൽ നീ നായർ നഴ്സിങ് ഓഫീസർ അനിതക്ക് പുനർ നിയമനം നൽകിയെങ്കിലും നിയമവഴിയിലെ യുദ്ധം തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനപരിശോധന ഹർജിയിൽ  ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം. നിയമനത്തിന് അനിതയെക്കാൾ അർഹതയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന 18 പേരുടെ കാര്യമായിരുക്കും വാദത്തിൽ ചൂണ്ടിക്കാണിക്കുക.

 

മെഡിക്കൽ കോളജിനു മുന്നിലെ അനിതയുടെ സമരത്തേക്കാൾ കോടതിയലക്ഷ്യ ഹർജിയെയാണ് സർക്കാർ ആശങ്കയോടെ കണ്ടിരുന്നത്. ഏപ്രിൽ ഒന്നുമുതൽ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകാനായിരുന്നു മാർച്ച് ഒന്നിന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും, ശോഭ അന്നമ്മ ഈപ്പനുമടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കാതിരുന്നതോടെയാണ് അനിത കോടതിയലക്ഷ്യ ഹർജി നൽകാൻ കാരണം. ഹൈക്കോടതി ഉത്തരവിനെതിരെ ഏപ്രിൽ നാലിന് പുനപരിശോധന ഹർജി നൽകിയെങ്കിലും, ഉത്തരവ് പാലിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് അനിതയ്ക്ക് ഉപാധികളോടെ പുനർനിയമനം നൽകിയത്. നാളെയാണ് പുനപരിശോധന ഹർജിയും കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി പരിഗണിക്കുന്നത്. അനിതയ്ക്ക് നിയമനം നൽകിയ കാര്യം നാളെ സർക്കാർ കോടതിയെ അറിയിക്കും. 

 

ഇതോടെ കോടതിയലക്ഷ്യ ഹർജിയിലെ പ്രതികൂല പരാമർശങ്ങളിൽ നിന്നും ഒഴിവാക്കാം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  അനിതയെക്കാൾ ആ നിയമനത്തിന് യോഗ്യതയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന 18 പേരുടെ പട്ടിക  ഹർജിയിൽ സർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമനം നൽകുമ്പോൾ ആദ്യം ഇവരെയാണ് പരിഗണിക്കേണ്ടതെന്നും, അനിതയുടെ കാര്യം അതിനുശേഷം മാത്രമേ വരൂ എന്നും സർക്കാർ വാദിക്കും. ഇക്കാര്യം കോടതി അംഗീകരിച്ചാൽ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നൽകിയ നിയമനം അസാധുവാക്കാം. മറിച്ചാണെങ്കിൽ കാര്യങ്ങൾ ഇതുപോലെ തുടരുകയും ചെയ്യും. 

 

nurse pb anitha contempt plea