ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഉദ്യോഗസ്ഥന്റെ വാക്ക് വിശ്വസിച്ച് നിലവിലെ വീട് പൊളിച്ച കുടുംബം പെരുവഴിയിൽ. കാസർകോട് അടുക്കത്ത്ബയൽ സ്വദേശി സാവിത്രിയും കുടുംബത്തിനുമാണ് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ അനാസ്ഥ വിനയായത്.
അടച്ചുറപ്പുള്ള വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയപ്പോൾ കുടുംബമാകെ പെരുവഴിയിലാകുമെന്ന് സാവിത്രി കരുതിയില്ല. പരിശോധനയ്ക്ക് എത്തിയ വിഇഒയുടെ നിർദ്ദേശപ്രകാരം നിലവിലെ കൂര പൊളിച്ചു. വീട് നിർമ്മാണത്തിനായി കടം വാങ്ങി കുഴൽക്കിണർ നിർമിച്ചു. എല്ലാം കഴിഞ്ഞപ്പോൾ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ നിന്ന് മറ്റൊരു അറിയിപ്പ് എത്തി, ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത് മറ്റൊരു സാവിത്രിയാണ്. ആകെയുള്ള വീട് പൊളിച്ച് മാറ്റിയതോടെ ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി കൂരയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു മക്കളുമൊത്ത് ഈ കുടുംബത്തിന്റെ താമസം. ശുചിമുറി ഇല്ല. ആഹാരം പാകം ചെയ്യുന്നത് മുറ്റത്തും.
മഴക്കാലം എത്തിയാൽ ഈ കൂര കൂടി ഇവർക്ക് ഇല്ലാതാകും. മുഖ്യമന്ത്രിക്കടക്കം പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.
Life mission house kasaragod complaint