എക്സാലോജിക്കും വീണയുമായും ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറാതെ സിഎംആര്‍എല്ലിന്‍റെ ഒളിച്ചുകളി. രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ സെറ്റില്‍മെന്‍റ് നടപടികളുടെ ഭാഗമാണെന്നും അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നീക്കം. സെറ്റില്‍മെന്‍റ് കമ്മിഷന്‍റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനപരിശോധിക്കാനാകില്ലെന്നുമാണ് സിഎംആര്‍എല്ലിന്‍റെ മറുപടി.
ഐടി സേവനങ്ങളുടെ പേരിലായിരുന്നു സിഎംആര്‍എല്ലും വീണയും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തികയിടപാട്. 2017 ജനുവരിയിലായിരുന്നു ഐടി ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റായി സിഎംആര്‍എല്ലില്‍ വീണ വിജയന്‍റെ നിയമനം. മാര്‍ച്ചില്‍ സോഫ് വെയര്‍ ഡെവലപ്‌മെന്റ് മെയിന്റനന്‍സിനെന്ന പേരില്‍ എക്‌സാലോജിക്കുമായും സിഎംആര്‍എല്‍ കരാറിലേര്‍പ്പെട്ടു. വീണയക്ക് പ്രതിമാസം അഞ്ച് ലക്ഷവും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലം. 2016 മുതല്‍ 18 വരെ ഒരു കോടി 72 ലക്ഷം രൂപയാണ് സിഎംആര്‍എല്‍ വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. നിയമന ഉത്തരവ്, ഇന്‍വോയ്സ്, പണം കൈമാറിയതിന്‍റെ അക്കൗണ്ട് ലഡ്ജര്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് ഇഡി സിഎംആര്‍എല്ലിലെ ജീവനക്കാരോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരായ ജീവനക്കാര്‍ കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് ചില രേഖകള്‍ ഹാജരാക്കിയെങ്കിലും വീണയുമായി ബന്ധപ്പെട്ട രേഖകള്‍ പൂഴ്ത്തി. ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ നടപടികളെ മറയാക്കിയാണ് ഈ നീക്കം.
ജൂണ്‍ 12ന് സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിക്കും ഈ വിഷയത്തില്‍ അന്വേഷണം നടത്താനാകില്ലെന്നും സിഎംആര്‍എല്‍ വാദിക്കുന്നു. ആദായനികുതി നിയമത്തിലെ 245G, 245 ഐ വകുപ്പുകളാണ് രേഖകള്‍ ഹാജരാക്കാതിരിക്കാന്‍ സിഎംആര്‍എല്‍ കൂട്ട് പിടിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സിഎംആര്‍എല്ലിന്‍റെ വാദം തള്ളിയ ഇഡി എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്‍റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ്കുമാര്‍ ഇന്ന് ഇഡി ഓഫിസില്‍ ഹാജരായെങ്കിലും രേഖകള്‍ ഹാജരാക്കാത്തതിനാല്‍ മടക്കിയയച്ചു.
CMRL yet to submit papers related to exalogic and Veena