suicide-attempt-nedumkandam

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആശരിക്കണ്ടം സ്വദേശി ഷീബയാണ് തീ കൊളുത്തിയത്. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. 

 

നെടുങ്കണ്ടത്തെ സ്വകാര്യ ബാങ്കിൽ നിന്നുമെടുത്ത ഇരുപത് ലക്ഷം രൂപ കുടിശികയായതോടെയാണ് ബാങ്ക് നിയമനടപടികളിലേക്ക് നീങ്ങിയത്. ജനപ്രതിനിധികൾ ഇടപെട്ട് അവധി നീട്ടി നൽകിയെങ്കിലും പണം അടയ്ക്കാനാകാതെ വന്നതോടെ ജപ്തി നടപടികൾ തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടിലെത്തിയപ്പോഴാണ് ഷീബ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കവെ നെടുങ്കണ്ടം സ്റ്റേഷൻ എസ്ഐ ബിനോയ്‌ക്കും വനിത സിവിൽ ഓഫീസർ അമ്പിളിക്കും പൊള്ളലേറ്റു.

 

ഗുരുതരമായി പരുക്കേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളജിലേക്കും വനിത സിവിൽ ഓഫീസർ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പരുക്കേറ്റ എസ്ഐ ബിനോയി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജപ്തി നടപടിയിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ്‌ സ്വകാര്യ ബാങ്കിലേക്ക് മാർച്ച് നടത്തി. 

Suicide attempt during seizure; Woman poured petrol on herself and set on fire.