കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി യു എ വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സൂര്യാഘാതമേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. കിണര്‍ പണിക്കിടെയാണ് സൂര്യാഘാതമേറ്റത്. 

പാലക്കാട് എലപ്പുള്ളിയിലെ വയോധികയുടെ മരണവും സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരണം. പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ (90) മരണമാണ് സൂര്യാഘാതമേറ്റുണ്ടായതെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള കനാലിൽ ലക്ഷ്മിയമ്മയെ വീണു പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. സൂര്യാഘാതമേറ്റുള്ള മരണമെന്ന് ഡോക്ടർമാരും സൂചന നൽകിയിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. കഴിഞ്ഞയാഴ്ച കുത്തന്നൂരിലെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കർഷകൻ ഹരിദാസന്റെ മരണവും സൂര്യാഘാതമേറ്റെന്ന്  പിന്നീട് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു.

 

പാലക്കാട് 41  ഉം കൊല്ലവും തൃശൂരും നാല്‍പതു ഡിഗ്രി സെല്‍ഷ്യസിലുമാണ് ചൂട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലൊക്കെ താപതരംഗ ഭീഷണിയുണ്ട്. അല്‍പം തണുപ്പുതേടി വിനോദസഞ്ചാരികളെത്തുന്ന ഇടുക്കിയിലും വയനാട്ടിലും ചൂട് 34 ഡിഗ്രിയിലെത്തിയത് ഇനിയും ചൂട് കൂടുമെന്നതിന്റെ മുന്നറിയിപ്പാണ്. 

 

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പിന്‍റേതാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ വകുപ്പിനു  ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അവധി സമയത്ത് കുട്ടികള്‍ക്കു നല്‍കേണ്ട സപ്ലിമെന്‍ററി ന്യുട്രീഷ്യന്‍ വീട്ടിലെത്തിക്കും. അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ അതു പോലെ നടക്കുമെന്നും ശിശു വികസന വകുപ്പ് അറിയിച്ചു. 

 

two dies of sunstroke in Palakkad and kannur