covid-vaccine
  • 'ബിജെപി കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി'
  • പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍
  • പാര്‍ശ്വഫലം പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന ആസ്ട്രസെനക യുകെ കോടതിയില്‍ പറഞ്ഞത് കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഇതാണോ മോദിയുടെ ഉറപ്പെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി ബിജെപി കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി എന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. അതേസമയം കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകര്‍ ഹര്‍ജി  നല്‍കി. 

 

കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങളും ആരോപണങ്ങളും  ഒരിടവേളക്കുശേഷം വീണ്ടും ചർച്ചയാവുകയാണ്. ഇലക്ടറൽ ബോണ്ടിനൊപ്പം ചേർത്തുവച്ച് വിഷയം കേന്ദ്രസർക്കാരിനെതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇതാണോ മോദിയുടെ ഉറപ്പ് എന്ന്  യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ചോദിച്ചു. വാക്‌സീന്‍റെ ക്രെഡിറ്റ് ലജ്ജയില്ലാതെ ഏറ്റെടുക്കുന്ന പ്രധാനമന്ത്രി ഉത്തരം പറയണമെന്നും  ബിജെപി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 50 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് കൈപ്പറ്റിയിട്ടുള്ളതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡി പ്രതികരിച്ചു .ഗുണനിലവാരമില്ലാത്ത  വാക്സിനുകളും മരുന്നുകളും ജനങ്ങൾക്ക് നൽകി ബി ജെ പി കമ്മീഷൻ വാങ്ങിയെന്ന് വ്യക്തമായി എന്ന് എസ്പി ദേശീയ ജനറൽ സെക്രട്ടറി ശിവ്പാൽ യാദവ് പറഞ്ഞു. വിവരം വന്ന ശേഷം പാർശ്വഫലങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രം എന്തെങ്കിലും മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് സൗരഭ് ഭരദ്വാജ് ചോദിച്ചു.

 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണിതെന്നും  ആശങ്കപ്പെടേണ്ടതില്ലെന്നും ആണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. ആസ്ട്രസെനക്കയുടെ സ്ഥിരീകരണത്തോട് ആരോഗ്യമന്ത്രാലയമോ ഇന്ത്യൻ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടോ പ്രതികരിച്ചിട്ടില്ല. വാക്സീനുകൾക്ക് നേരിയ തോതിൽ ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേരത്തെയുള്ള നിലപാട്. കോവിഡ് സൃഷ്ടിച്ച അപകടം നോക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട പ്രതിരോധ മാർഗം  വാക്സീൻ എടുക്കുന്നതാണ് എന്നും മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല എന്നതാണ് സർക്കാർ നിലപാട് എന്നതിനാൽ നഷ്ടപരിഹാരത്തിനും വ്യവസ്ഥയില്ല. നിയമനടപടി മാത്രമാണ് ഏകപോംവഴി.

 

Who will be responsible for deaths? Opposition slams Centre over Astrasenaka's report