സന്ദേശ്ഖാലിയിലെ ക്ഷീണം മറികടക്കാന്‍ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണം പിടിവള്ളിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മുതലക്കണ്ണീര്‍ പൊഴിച്ച പ്രധാനമന്ത്രി ഗവര്‍ണര്‍ക്കെതിരായ പരാതിയില്‍ എന്തേ മിണ്ടാത്തതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. ബിജെപിയുടെ സ്ത്രീ വിരുദ്ധതയാണെന്ന് ഗവര്‍ണറെ സംരക്ഷിക്കുന്നതിന് കാരണമെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന് ന്യായീകരിക്കാന്‍ കഴിയാത്ത സന്ദേശ്ഖാലി വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മുഴുവന്‍ ബിജെപി നേതാക്കളും വ്യാപകമായി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നു. ഗത്യന്തരമില്ലാതിരുന്ന തൃണമൂലിന് വീണ് കിട്ടിയ പിടിവള്ളിയായി ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷാണ് ഗവര്‍ണര്‍ക്കെതിരെ പരാതിയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പാര്‍ട്ടി ഒന്നടങ്കം ആരോപണം ഏറ്റുപിടിച്ചു. ബര്‍ദ്മാനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണര്‍ക്കെതിരായ പരാതി ഉന്നയിച്ച് ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ. സന്ദേശ്ഖാലിയില്‍ തുടരെ തുടരെ ഊതിപ്പെരുപ്പിച്ച പ്രതികരണങ്ങള്‍ നടത്തിയ മോദി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഏന്തേ മൗനം പാലിക്കുന്നതെന്ന് മമത.
പ്രധാനമന്ത്രി താമസിച്ച രാജ്ഭവനില്‍ തന്നെയാണ് വനിത ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായതെന്നും എങ്ങനെ മൗനം തുടരാന്‍ പറ്റുന്നുവെന്നും അഭിഷേക് ബാനര്‍ജി ചോദിച്ചു. തൃണമൂല്‍ വക്താക്കള്‍ മുതല്‍ പാര്‍ട്ടിയുടെ എല്ലാ നേതാക്കളും ഗവര്‍ണര്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതി പാര്‍ട്ടിയുടെ പ്രചാരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Trinamool congress accuses bengal governor of sexual assault