ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയെഴുത്തിനിടെ രാജ്യത്ത് സിഎഎ പ്രകാരം ആദ്യഘട്ട പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍. അപേക്ഷിച്ചവരില്‍ 14 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎ രാജ്യത്തെ നിയമമാണെന്നും ആര്‍ക്കും നിരാകരിക്കാനാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി.  

പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനും പരമോന്നത നീതിപീഠത്തിലെ നിയമപ്പോരട്ടത്തിനുമിടെ സി‌എഎ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി. ആദ്യ അപേക്ഷകരില്‍ 14 പേര്‍ക്ക് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. െഎബി മേധാവിയും റജിസ്ട്രാര്‍ ജനറലും അടക്കം ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. 300ഒാളം പേര്‍ക്ക് അദ്യഘട്ടത്തില്‍ പൗരത്വം നല്‍കും. 2014 ഡിസംബര്‍ 31ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സിഎഎ.

2019ല്‍ ബില്‍ പാര്‍ലമെന്‍റ് പാസാക്കി. 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഈ വര്‍ഷം മാര്‍ച്ച് 11ന് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയും നിയമം പ്രാബല്യത്തില്‍ വരികയും െചയ്തു. ആഭ്യന്തരമന്ത്രാലയത്തിന്‍റ കണക്ക് അനുസരിച്ച് 31,000ലധികം അഭയാര്‍ഥികള്‍ക്ക് സിഎഎ ഗുണം ചെയ്യും. ആഭ്യന്തരമന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി ഒാണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കുന്നത്. സെന്‍സസ് നടപടി ക്രമങ്ങളുടെ ഡയറക്ടറുടെ നേതൃത്വത്തിലെ സമിതിയാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്. 

മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതിനെതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. സിഎഎയ്ക്കെതിരെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയെഴുത്തിന്‍റെ മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കി നില്‍ക്കെയാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നടപടി കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. മോദി വാഗ്ദാനങ്ങള്‍ പാലിച്ചതിന്‍റെ കൂട്ടത്തില്‍ ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഒന്നുകൂടി. ഡല്‍ഹി, പഞ്ചാബ്, യുപി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ നീക്കം ഏറെ ചര്‍ച്ചയാകും. 

ENGLISH SUMMARY:

Centre issues first set of citizenship certificates to 14 persons under CAA