ഔദ്യോഗിക രേഖയില്‍ നിന്നുള്ള ചിത്രം

ഔദ്യോഗിക രേഖയില്‍ നിന്നുള്ള ചിത്രം

TOPICS COVERED

ബിഹാറിലെ ജമൂയില്‍ ടീച്ചര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചതിന്റെ കാരണം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ലോകം‍. ‘ബെഡ് പെര്‍ഫോമന്‍സ്’ മോശമായതാണ് കാരണമെന്നാണ് ഔദ്യോഗിക രേഖയില്‍ ചേര്‍ത്തിരിക്കുന്നത്. അതെന്ത് പെര്‍ഫോമന്‍സാണെന്ന് ആര്‍ക്കും ഇനിയുംപിടികിട്ടിയിട്ടില്ല. ഏതായാലും രേഖയുടെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ മൂക്കത്തു വിരല്‍വച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളും. 

‘ബാഡ് പെര്‍ഫോമന്‍സ്’ എന്നതിനു പകരം ‘ബെഡ് പെര്‍ഫോമന്‍സ്’ എന്ന് അച്ചടിച്ചതാണ് ബിഹാര്‍ വിദ്യാഭ്യാസവകുപ്പിനാകെ നാണക്കേട് ആയി മാറിയത്. അറിയാതെ പോലും ഇതുപോലൊരു തെറ്റ് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു ഭാഗത്ത് മാത്രമാണ് പിശക് വന്നതെങ്കിലും സഹിക്കാം, ഒരേ രേഖയില്‍ തന്നെ പതിനാലു തവണയാണ് ഈ തെറ്റ് ആവര്‍ത്തിച്ചത്. ഇതോടെ സംഭവത്തെ ന്യായീകരിക്കാനാകാത്ത അവസ്ഥയിലാണ് വിദ്യാഭ്യാസ വകുപ്പ്.

‘ബെഡ് പെര്‍ഫോമന്‍സ്’ എന്ന അക്ഷരപ്പിശക് സോഷ്യല്‍മീഡിയയിലും വലിയ ട്രോളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ജമൂയിലെ പല സ്കൂളുകളിലും വിദ്യാഭ്യാസവകുപ്പ് ഓഫീസര്‍മാര്‍ മിന്നല്‍ സന്ദര്‍ശനവും പരിശോധനയും നടത്തിയത്.  സ്കൂളുകളുടെയും ടീച്ചര്‍മാരുടെയും പെര്‍ഫോമന്‍സ് വിലയിരുത്തുകയും ചെയ്തു. സന്ദര്‍ശനമറിയാതെ പല അധ്യാപകരും അന്നേ ദിവസം അവധിയായിരുന്നതും വന്നവരുടെ മോശം പ്രകടനവും വകുപ്പുദ്യോഗസ്ഥരെ നിരാശരാക്കിയിരുന്നു. 

മിന്നല്‍ പരിശോധനക്കു പിന്നാലെ 16 ടീച്ചര്‍മാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച് ഡിഇഒ നോട്ടിസിറക്കിയിരുന്നു. 3 പേര്‍ക്കെതിരെ അവധിയുടെ പേരിലും 13 പേര്‍ക്കെതിരെ മോശം പെര്‍ഫോമന്‍സിന്റെ പേരിലുമാണ് ഡിഇഒ നടപടിക്ക് നിര്‍ദേശിച്ചത്. അതിന്റെ ഫലമായാണ് ശമ്പളം കട്ട് ചെയ്യുന്ന നടപടികളിലേക്കും വകുപ്പ് നീങ്ങിയത്. നടപടിരേഖകളിലെ തെറ്റ് ബോധ്യപ്പെട്ടതോടെ അക്ഷരപ്പിശക് മാറ്റി വകുപ്പ് പുതിയ നോട്ടിസിറക്കി. എങ്കിലും വന്നുപോയ അപമാനം നീക്കാനാകാത്ത അവസ്ഥയിലാണ് വിദ്യാഭ്യാസ വകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണത്തിനും വകുപ്പ് തയ്യാറായിട്ടില്ല. 

Bihar School Teachers salary cut due to bed perfomance:

Bihar school Teachers facing salary cut for bed perfomance , reason goes viral