TOPICS COVERED

വിദേശത്തുള്ള സ്വര്‍ണശേഖരത്തിന്‍റെ നാലിലൊരു ഭാഗം 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് റിസര്‍വ് ബാങ്ക്. യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന നൂറ് ടണ്‍ സ്വര്‍ണമാണ് തിരികെ കൊണ്ടുവന്നത്. മാര്‍ച്ചില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന സ്വര്‍ണത്തിന്‍റെ വിശദാംശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു.

പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ പൊന്നുപോലെ സംരക്ഷിക്കുന്ന സ്വര്‍ണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. അതും 33 വര്‍ഷങ്ങള്‍ക്ക് ശേഷം. യു.കെയിലെ ബാങ്ക് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം മാര്‍ച്ചില്‍ അതീവ സുരക്ഷയോടെ പ്രത്യേക വിമാനത്തിലാണ് മുംബൈയിലെത്തിച്ചത്. റിസര്‍വ് ബാങ്കിനൊപ്പം കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികളും അതീവ രഹസ്യമായിരുന്ന ഈ ദൗത്യത്തില്‍ പങ്കാളികളായി. രാജ്യത്തിന് ആകെയുള്ള 822.1 ടണ്‍ കരുതല്‍ സ്വര്‍ണത്തില്‍ 413.8 ടണ്ണും വിദേശത്തെ ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ നാലില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ തിരിച്ചെത്തിച്ചത്. രാജ്യത്തിന്‍റെ പൊതുസ്വത്ത് എന്ന നിലയില്‍ സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാക്കി. എന്നാല്‍ ജിഎസ്‌ടി വിഹിതം കേന്ദ്രത്തിന് നല്‍കി. ഈ സ്വര്‍ണം ആര്‍ബിഐയുടെ മുംബൈ മിന്‍റ് റോഡിലുള്ള പഴയ കെട്ടിടത്തിലും നാഗ്പുരിലെ ആസ്ഥാനത്തുമാണ് സൂക്ഷിച്ചിരിക്കുന്നത്. 1991ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം പണയംവച്ചിരുന്നു. പിന്നീട് ഘട്ടംഘട്ടമായി രാജ്യം ശേഖരിച്ച സ്വര്‍ണമാണ് തിരിച്ച് ഇന്ത്യയില്‍ എത്തിക്കാന്‍ ആര്‍ബിഐ ശ്രമങ്ങള്‍ നടത്തുന്നത്. 

ENGLISH SUMMARY:

RBI moved 1 lakh kg of gold from uk back to india