election-result-day-0406

പതിനെട്ടാം ലോക്സഭയില്‍ ആരൊക്കെയെന്ന് ഇന്നറിയാം. രണ്ടര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്ന് തിരശീല വീഴും. അടുത്ത അഞ്ചുവര്‍ഷം രാജ്യം ആരുഭരിക്കുമെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. രാജ്യമെങ്ങും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. വോട്ടെണ്ണല്‍ എട്ടുമണിക്ക് തുടങ്ങും. പോസ്റ്റ് വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഇവിടെയെല്ലാം അതിവിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

വോട്ടെണ്ണല്‍ ഇങ്ങനെ

ഓരോ ലോക്സഭാമണ്ഡലത്തിലെയും നിയമസഭാമണ്ഡലങ്ങള്‍ തിരിച്ചാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ നിയമസഭാമണ്ഡലത്തിന്റെയും പരിധിയിലുള്ള വോട്ടുകളെണ്ണാല്‍ ഓരോ ഹാള്‍ വീതമുണ്ടാകും. ഒരു ഹാളില്‍ പരമാവധി 14 ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. 

രാവിലെ സ്ട്രോങ് റൂമുകള്‍ തുറന്ന് വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്ക് എത്തിക്കും. വരണാധികാരി, ഉപ വരണാധികാരി, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാകും സ്ട്രോങ് റൂമുകള്‍ തുറക്കുക. വരണാധികാരിയുടെ ടേബിളിലാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക.

അതത് ടേബിളുകളില്‍ എത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത നിലയില്‍ത്തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും തുറക്കുക. തുടര്‍ന്ന് കൗണ്ടിങ് സൂപ്പര്‍വൈസര്‍ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തും. യന്ത്രത്തില്‍ തെളിയുന്ന വോട്ടുകള്‍ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് രേഖപ്പെടുത്തും. ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകന്‍ ഏതെങ്കിലും രണ്ട് യന്ത്രങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് ഉറപ്പുവരുത്തും. ഈ പരിശോധനയ്ക്കുശേഷം വരണാധികാരി ആ റൗണ്ടിലെ കണക്കുകള്‍ പ്രഖ്യാപിക്കും. 

എല്ലാ ഇവിഎമ്മുകളും എണ്ണിയശേഷം വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കും. ഏതെങ്കിലും 5 പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകളാണ് ശരിക്കുള്ള ഫലവുമായി ഒത്തുനോക്കുക. ഒരു വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ ഒത്തുനോക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂറെടുക്കും. ഈ പ്രകിയയ്ക്കുശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ.

ENGLISH SUMMARY:

Loksabha Elections 2024 verdict today