അയോധ്യയിലെ എസ്പി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ജനങ്ങളെ കുറ്റപ്പെടുത്തി നടന്‍ സുനില്‍ ലാഹ്രി. രാമനന്ദസാഗറിന്‍റെ രാമായണം സീരിയലില്‍ ലക്ഷമണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് സുനില്‍ ലാഹ്രി. ബിജെപിക്ക് വോട്ട് ചെയ്യാത്ത ജനങ്ങളില്‍ സുനില്‍ ലാഹ്രി നിരാശ പ്രകടിപ്പിച്ചു. രാജാവിനെ വഞ്ചിച്ച ജനതയാണ് അയോധ്യയിലേതെന്ന് സുനില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
വനവാസത്തിന് ശേഷം തിരികെയെത്തിയ സീതാ ദേവിയെ സംശയിച്ച അതേ ജനതയാണ് ഇതെന്ന് നാം മറക്കുന്നുവെന്ന് സുനില്‍ ലാഹ്രി പറഞ്ഞു. ദൈവത്തെ നിഷേധിക്കുന്ന വ്യക്തിയെ എന്താണ് വിളിക്കുക, സ്വാര്‍ഥന്‍? അയോധ്യയിലെ ജനങ്ങള്‍ അവരുടെ രാജാവിനെ വഞ്ചിക്കുമെന്നതിന് ചരിത്രം തന്നെ തെളിവാണ്. അവരെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കവച്ച മറ്റൊരു സ്റ്റോറിയില്‍ സുനില്‍ കുറിച്ചത് ഇങ്ങനെ: 'അയോധ്യയിലെ പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. സീതാദേവിയെ പോലും ബാക്കി വെക്കാത്തവരാണ് നിങ്ങള്‍. ആ ചെറിയ കൂടാരത്തില്‍ നിന്നും മനോഹരമായ ക്ഷേത്രത്തിലേക്ക് രാമ ഭഗവാനെ പ്രതിഷ്ഠിച്ചു എന്ന് ഉറപ്പ് വരുത്തിയ മനുഷ്യനെ നിങ്ങള്‍ വഞ്ചിച്ചതില്‍ ഞങ്ങള്‍ക്ക് ഞെട്ടലില്ല. ഈ രാജ്യം ഇനി നിങ്ങളെ ബഹുമാനത്തോടെ കാണില്ല,' സുനില്‍ പറഞ്ഞു.
ബാഹുബലി സിനിമയില്‍ രാജാവായ അമരേന്ദ്ര ബാഹുബലിയെ കൊന്ന കട്ടപ്പയോടും അയോധ്യയിലെ ജനങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ പരാജയപ്പെട്ടത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. എസ്പി സ്ഥാനാര്‍ഥി അവദേശ് പ്രസാദാണ് മണ്ഡലത്തില്‍ ജയിച്ചത്.