ക്രിസ്മസ് പുതുവത്സര ഗാനവുമായി ബിജെപി നേതാവ്. ബിജെപി സംസ്ഥാന സമിതി അംഗം സി.ജി രാജഗോപാൽ രചിച്ച ഗാനം എറണാകുളം പാലാരിവട്ടം പിഒസിയിൽ പുറത്തിറക്കി.
പാലക്കാട് വി എ ച്ച് പി പ്രവർത്തകർ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വാർത്ത കത്തി നിൽക്കുമ്പോഴാണ് ഒരു ബിജെപി നേതാവ് രചിച്ച ക്രിസ്മസ് ഗീതം പുറത്തിറങ്ങുന്നത്. ഏകനല്ല ഞാൻ ഏകനല്ല എന്നു തുടങ്ങുന്നതാണ് സി ജി രാജഗോപാൽ രചിച്ച ഗാനം. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ഗാനം പുറത്തിറക്കി.
അരുൺ കുമാരൻ ആലപിച്ച ഗാനത്തിന് സംഗീതമൊരുക്കിയത് ഫാദർ ലിന്‍റോ കാഞ്ഞുത്തറയാണ്. സാങ്കേതിക സഹായം നൽകിയത് ആശാ റോണി. പ്രൊഫ.എം കെ സാനുമാസ്റ്റർ ക്രിസ്മസ് ചടങ്ങിൽ സന്ദേശം നൽകി.