gandhi-statue

മഹാത്മാ ഗാന്ധി, അംബേദ്‌ക്കര്‍, ഛത്രപതി ശിവജി തുടങ്ങിയവരുടെ പ്രതിമകൾ പാർലമെന്‍റ് വളപ്പിനുള്ളിൽ മാറ്റി സ്ഥാപിച്ചതിനെതിരെ ഇന്ത്യാ സഖ്യം. ഇതുകൊണ്ടൊന്നും അസ്ഥിരമായ സർക്കാരിനെ ഉറപ്പിച്ചു നിർത്താനാകില്ലെന്ന് കോൺഗ്രസ്. ഗോഡ്‌സെയുടെയും മോദിയുടെയും പ്രതിമകൾ സ്ഥാപിക്കാനാണോ എന്ന് TMC.  പ്രതിഷേധം അറിയിച്ച് സിപിഐ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. സന്ദർശകർക്ക് പ്രതിമകൾ സൗകര്യപ്രദമായി കാണാനുള്ള അന്തരീക്ഷമൊരുക്കുകയാണെന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റിൻ്റെ  വിശദീകരണം.

 

നിരവധി സമരങ്ങൾക്ക് സാക്ഷിയായ പാർലമെൻ്റിന് മുന്നിലെ കൂറ്റൻ ഗാന്ധി പ്രതിമ. കഴിഞ്ഞ 10 വർഷം  പ്രതിപക്ഷ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന ഇടം.  JDUവും TDP യുമെല്ലാം ഈ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധിച്ചവരാണ്. നിലവിൽ മൂന്നാം മോദി സർക്കാർ അധികാരമേൽക്കും മുൻപ് ഗാന്ധിജിയുടെയും അംബേദ്കറുടെയും ഛത്രപതി ശിവജിയുടെയും പ്രതിമകൾ നീക്കിയിരിക്കുന്നു.

ഇത്തരം നീക്കങ്ങൾ ഒന്നും  മോദിയെയും  അസ്ഥിരമായ സർക്കാരിനെയും വീഴുന്നതിൽ നിന്ന് രക്ഷിക്കില്ലെന്ന് കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ച നടത്താതെയുള്ള ഏകപക്ഷീയ നീക്കമാണിതെന്നും വിമർശനം. സ്വാതന്ത്ര്യം, സമത്വം എന്നീ ആശയങ്ങളോടുള്ള അവഹേളനമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പ്രതിഷേധം അറിയിച്ച്  സിപിഐ എം പി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു.  പ്രധാമന്ത്രി മറുപടി പറയണമെന്ന് TMC MP ജവഹർ സിർക്കർ ആവശ്യപ്പെട്ടു . പാർലമെൻ്റ് വളപ്പിലെ പ്രേരണ സ്ഥൽ എന്നയിടത്തേക്ക് ബഹുമാനപൂർവ്വം പ്രതിമകൾ മാറ്റി സ്ഥാപിക്കുന്നു എന്നും ആധുനിക സാങ്കേതിക വിദ്യയിലൂടെ മഹത് വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ജീവിതം സന്ദർശകർക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള  നീക്കമാണെന്നും ലോക്‌സഭ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്പീക്കറുടെ അനുമതിയുണ്ടെന്നും മറുപടി. ആദിവാസി നേതാവ് ബിർസ മുണ്ടയുടെയും മഹാറാണാ പ്രതാപിന്‍റെയും പ്രതിമകൾ ഇപ്പോൾ പഴയ പാർലമെന്‍റ് മന്ദിരത്തിനും  ലൈബ്രറിക്കും ഇടയിലുള്ള പുൽത്തകിടിയിലാണ്.

ENGLISH SUMMARY:

Relocation of Gandhi, Ambedkar statues within Parliament complex sparks political row