നീറ്റ് പരീക്ഷാ പരാതിയില്‍ ഗ്രേസ് മാര്‍ക്ക് പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ.സഞ്ജയ് മൂര്‍ത്തി. വിദ്യാര്‍ഥികളുടെ പരാതികളും പരിശോധിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്് നല്‍കും. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയത് 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലെന്ന് എന്‍ടിഎ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
‘സി.ബി.ഐ അന്വേഷണം വേണം’
നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഐ.എം.എ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന. വീണ്ടും പരീക്ഷ നടത്തി സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഗ്രേസ് മാര്‍ക്ക് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഡൽഹി ഹൈക്കോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് മറുപടി തേടി. അതിനിടെ,
നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയിലും മൂല്യനിര്‍ണയത്തിലും ക്രമക്കേട് നടന്നെന്ന ആരോപണം ബലപ്പെടുത്തുന്ന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കത്ത് നല്‍കിയത്. 67 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കായ 720ഉം പലര്‍ക്കും 618, 619 മാര്‍ക്കും ലഭിച്ചു, ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ട്, തെരെഞ്ഞെടുപ്പ് ഫലം വന്നദിവസം തിരക്കുപിടിച്ച് നീറ്റ് പരീക്ഷാഫലം പുറത്തുവിട്ടതെന്തിനാണെന്നും കത്തില്‍ ചോദിക്കുന്നു. ദുരൂഹത നീക്കാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും വീണ്ടും പരീക്ഷനടത്തി ന്യായവും സുതാര്യവുമായ മൂല്യനിര്‍ണയം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഗ്രേസ് മാർക്ക് നൽകിയത് ചോദ്യം ചെയ്ത് വിദ്യാര്‍ഥിയുടെ മാതാവ് നല്‍കിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി എൻടിഎയോടെ മറുപടി തേടി. ബുധനാഴ്ച ഹര്‍ജിയില്‍ വാദം കേൾക്കും. നീറ്റ് നടത്തിപ്പില്‍ വന്‍അഴിമതി നടന്നെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ തെറ്റാണെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പിറക്കിയ എന്‍.ടി.എ അതിനുശേഷം പ്രതികരിച്ചിട്ടില്ല.