ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോരയിൽ സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ വധിച്ചതായാണ് വിവരം. അതിനിടെ, റിയാസിയിൽ ഒൻപത് തീർഥാടകർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം കേന്ദ്രസർക്കാർ എൻഐഎയ്ക്ക് കൈമാറി.
ഇന്ന് പുലർച്ചെയാണ് ബന്ദിപ്പോരയിൽ കാവൽ നിൽക്കുന്ന സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തത്. മൂന്നുപേരടങ്ങുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയത്. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങി, വനത്തിലൊളിച്ചു. ജമ്മു കശ്‌മീരിൽ ഒൻപത് ദിവസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
ജമ്മു കശ്മീരിലെ സുരക്ഷസാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു. അതിനിടെ, റിയാസിയിൽ ശിവ് മോഡി തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. ജൂൺ ഒൻപതിന് തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒൻപതുപേരാണ് മരിച്ചത്. ലഷ്‌കർ ഭീകരർക്ക് നേരിട്ട് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് വിലയിരുത്തൽ.