'ഒരു തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടേ ചെയ്യാനാകൂ. പക്ഷേ ഒരാള്‍ക്ക് ഒന്നിലധികം സീറ്റില്‍ മല്‍സരിക്കാം. ഇതെന്ത് ന്യായം ? ' ഒരേ ഇലക്ഷനില്‍ ഒന്നിലധികം സീറ്റുകളില്‍ നിന്ന് മല്‍സരിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഉയര്‍ന്ന വാദമാണിത്. വയനാടും റായ് ബറേലിയിലും  ജയിച്ച രാഹുല്‍ ഗാന്ധിക്ക് വയനാട്  സീറ്റ് രാജിവക്കേണ്ടി വന്നിരിക്കുന്ന സാഹചര്യത്തില്‍ പല സീറ്റില്‍ ഒരു സ്ഥാനാര്‍ഥിയെന്ന ഏര്‍പ്പാട് ഒന്നു പരിശോധിക്കാം.

രാഹുല്‍ ഗാന്ധി മാത്രമല്ല രണ്ടു സീറ്റില്‍ ഒരേ ഇലക്ഷനില്‍ മല്‍സരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി മാത്രമല്ല മല്‍സരിച്ച രണ്ടു സീറ്റിലും ജയിച്ചതുകാരണം ഒരെണ്ണം രാജിവച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും യുപിയിലെ വരാണസിയിലും മല്‍സരിച്ചു . വഡോദരയില്‍ 5,70,128 വോട്ടിനും വരാണസിയില്‍ 3,71,784  വോട്ടിനും ജയിച്ചു. വരാണസി നിലനിര്‍ത്തി. വഡോദര രാജിവച്ചു. കഴിഞ്ഞ ഇലക്ഷനിലും രാഹുല്‍ രണ്ടിടത്ത് മല്‍സരിച്ചിരുന്നു. വയനാട് കൂടാതെ യുപിയിലെ അമേഠിയിലും . അമേഠിയില്‍ സ്മൃതി ഇറാനിയോട് 55, 120 തോറ്റു. വയനാട്ടില്‍ മാത്രം ജയിച്ചതുകൊണ്ട് അന്ന് രാജി വേണ്ടി വന്നില്ല.

നിയമം

1951 ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 33 (7) അനുസരിച്ച് ഒരാള്‍ക്ക് രണ്ടു സീറ്റില്‍ ജനവിധി തേടാം. എന്നാല്‍ ഇതേ നിയമത്തിലെ 70 ാം വകുപ്പനുസിച്ച് ഒരാള്‍ക്ക് ഒരു മണ്ഡലത്തിന്‍റെ പ്രതിനിധിയാകാനേ കഴിയൂ. പല പ്രദേശങ്ങളുടെ അധികാരം ഒരാളില്‍ കേന്ദ്രീകരിക്കാതിരിക്കാനാണ് ഈ വകുപ്പ്.  ഇതുകാരണമാണ് ജയിച്ചതില്‍ ഒരു സീറ്റ് ഉപേക്ഷിക്കേണ്ടി വരുന്നത്. 14 ദിവസത്തിനകം വിജയിച്ച രണ്ടാമത്തെ സീറ്റ് രാജിവക്കണം. 1999 നു മുമ്പ് ഒരാള്‍ക്ക് എത്ര സീറ്റില്‍ വേണമെങ്കിലും മല്‍സരിക്കാമായിരുന്നു. ചില സ്വതന്ത്രന്‍മാരൊക്കെ വാര്‍ത്തയില്‍ വരാന്‍ വേണ്ടി മാത്രം കഴിയുന്നത്ര സീറ്റുകളില്‍ പത്രിക കൊടുക്കുമായിരുന്നു. 1999 ല്‍ കൊണ്ടു വന്ന ഭേദഗതിയനുസരിച്ച് ഒരേ സഭയിലേക്കുളള തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് മല്‍സരിക്കാന്‍ കഴിയുന്നത് രണ്ട് സീറ്റുകളില്‍ മാത്രമാക്കി ചുരുക്കി.

പ്രശസ്തരുടെ പോരാട്ടം

പിന്നോട്ടു പോയാല്‍ ഒരുപാട് പ്രഗല്‍ഭര്‍ ഇങ്ങനെ ഒന്നിലധികം സീറ്റില്‍ മല്‍സരിച്ചതു കാണാം. വാജ്പേയിയാണ് പല സീറ്റുകളില്‍ മല്‍സരിക്കുന്നത് പതിവാക്കിയ മുന്‍പ്രധാനമന്ത്രി.വാജ്പേയി 1957 ലെ തിരഞ്ഞെടുപ്പില്‍ യുപിയിലെ മൂന്നിടത്ത് മല്‍സരിച്ചു. മഥുര, ലക്നൗ, ബല്‍റാംപൂര്‍. ഇതില്‍ ബല്‍റാംപൂറില്‍ മാത്രം ജയം.  1962 ല്‍ വാജ്പേയി ബല്‍റാംപൂറിലും ലക്നൗവിലും മല്‍സരിച്ചെങ്കിലും രണ്ടിടത്തും തോറ്റു. 1991 ല്‍ വിധിശയിലും ലക്നൗവിലും മല്‍സരിച്ച് ജയിച്ചപ്പോള്‍ ലക്നൗ നിലനിര്‍ത്തി. 1996ല്‍ ഗാന്ധിനഗറിലും ലക്നൗവിലും മല്‍സരിച്ചു ജയിച്ചു. ഗാന്ധിനഗര്‍ ഉപേക്ഷിച്ചു. ഇന്ദിരാ ഗാന്ധി 1980 ല്‍ യുപിയിലെ റായ് ബറേലിക്കു പുറമേ ആന്ധ്രപ്രദേശിലെ മേധക്കിലും മല്‍സരിച്ചു. 77 ല്‍ റായ് ബറേലിയില്‍ തോറ്റത് ആവര്‍ത്തിച്ചാലോ എന്ന് കരുതിയാണ് തെക്കേ ഇന്ത്യയില്‍ സുരക്ഷിത മണ്ഡലം തേടിയത്. ഇത്തവണ രണ്ടിടത്തും ജയിച്ചു. ഇന്ദിര റായ് ബറേലി വിട്ട് മേധക് നിലനിര്‍ത്തി.

സോണിയ ഗാന്ധി 1999 ല്‍ യുപിയിലെ അമേഠിയിലും കര്‍ണാടകയിലെ ബെല്ലാരിയിലും മല്‍സരിച്ചു. രണ്ടിടത്തും ജയിച്ചു. അമേഠി നിലനിര്‍ത്തി. ബെല്ലാരി രാജിവച്ചു. ലാലുപ്രസാദ് യാദവും മുലായം സിങ്് യാദവുമടക്കമുള്ള ദേശീയ നേതാക്കള്‍ പല മണ്ഡലങ്ങളില്‍ ഒരുമിച്ചു പോരടിച്ചവരാണ്. ബിജു പട്നായിക് 1971 തിര‍ഞ്ഞെടുപ്പില്‍ മൂന്നിടത്ത് മല്‍സരിച്ച് മൂന്നിലും തോറ്റ ചരിത്രമുണ്ട്. 1991 ല്‍ ബിഎസ്പി നേതാവ് മായാവതിയും 3 സീറ്റില്‍ മല്‍സരിച്ച് മൂന്നിലും തോറ്റു. 1989 ല്‍ ദേവിലാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഒരേ സമയം മല്‍സരിച്ചു. ഹരിയാനയിലെ റോത്തക്, രാജസ്ഥാനിലെ ഡിക്കാര്‍, പഞ്ചാബിലെ ഫിറോസ്പൂര്‍. ഫിറോസ്പൂര്‍ ഒഴികെ രണ്ടിടത്തും ജയിച്ചു. ഡിക്കാര്‍ രാജിവച്ചു. റോത്തക് നിലനിര്‍ത്തി. ഇപ്പോള്‍ തന്നെ ലോക്സഭക്കൊപ്പം നടന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഹിൻജിലി സീറ്റിനു പുറമേ  കാന്തബാഞ്ചിയിലും മല്‍സരിച്ചു. കാന്തബാഞ്ചിലിയില്‍ തോറ്റു.ഹിന്‍ജിലിയില്‍ ജയിച്ചു.  

കേരളത്തിലെ പ്രശസ്തമായ ഇത്തരം പോരാട്ടം 1980 ല്‍ നടന്നതാണ്. ലീഡര്‍ കെ.കരുണാകരന്‍ സ്വന്തം തട്ടകമായ തൃശൂരിലെ മാള കൂടാതെ തിരുവനന്തപുരത്തെ നേമത്തും മല്‍സരിച്ചു.  മാളയിലെങ്ങാനും തോറ്റാലോ എന്ന പേടിയായിരുന്നു കാരണം. രണ്ടിടത്തും വിജയിച്ച കരുണാകരനും നേമം സീറ്റ് ഒഴിഞ്ഞു, മാള നിലനിർത്തി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ചു. മഞ്ചേശ്വരത്തും കോന്നിയിലും.  മഞ്ചേശ്വരത്ത് 745 വോട്ടിനു തോറ്റു. കോന്നിയില്‍ മൂന്നാം സ്ഥാനവും. 1957ൽ പട്ടം  താണുപിള്ള തിരുവനന്തപുരത്തു നിന്നു നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും ലോക്സഭയിൽ പരാജയപ്പെട്ടു.  1952ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്തു നിന്നു പാർലമെന്റിലേക്കും ചവറയിൽ നിന്നു നിയമസഭയിലേക്കും എന്‍.  ശ്രീകണ്ഠൻ നായർ മത്സരിച്ചു. രണ്ടിടത്തും വിജയിച്ച അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചു.

പാക്കിസ്ഥാനില്‍ ഇപ്പോഴും ഒരേ സമയം മല്‍സരിക്കുന്ന സീറ്റുകള്‍ക്ക് നിയന്ത്രണമില്ല. 2022 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 8 സീറ്റുകളിലേക്കാണ് ഒരേ സമയം മല്‍സരിച്ചത്. ഇതില്‍ ആറെണ്ണത്തിലും ജയിച്ചു. തുടര്‍ന്ന് അഞ്ചെണ്ണം രാജിവച്ചു.

എന്തുകൊണ്ട് ഇരട്ടസീറ്റ്?

ഒരേ സ്ഥാനാര്‍ഥി രണ്ടിടങ്ങളില്‍ മല്‍സരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. പ്രധാനമായും തോല്‍ക്കുന്നതിലെ റിസ്ക് ഒഴിവാക്കാനാണ്.  2009 ല്‍ രാഹുല്‍ ഗാന്ധി വയനാട് എത്തിയത് യുപിയിലെ അമേഠിയിലുള്ള വിശ്വാസക്കുറവ് കാരണമാണ്. പേടിച്ചതു തന്നെ അന്ന് സംഭവിക്കുകയും ചെയ്തു. സ്വന്തം ശക്തിയും പാര്‍ട്ടിയുടെ ശക്തിയും പ്രകടിപ്പിക്കാനുള്ള അവസരമായി ചില സന്ദര്‍ഭങ്ങളില്‍ രണ്ടാം മണ്ഡലം തിരഞ്ഞെടുക്കാറുണ്ട്.  ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ വലിയ നേതാവ് തന്നെ ആ മണ്ഡലം രണ്ടാം സീറ്റായി എടുക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ നേതാവ് മല്‍സരിക്കാനെത്തുമ്പോള്‍ അടുത്തുള്ള മണ്ഡലങ്ങളിലും സ്വന്തം പാര്‍ട്ടിക്ക് അനുകൂലമായ തരംഗം ഉണ്ടാകും എന്ന പ്രതീക്ഷ രണ്ടാം സീറ്റിന് കാരണമാകാറുണ്ട്. പ്രാദേശികമായ വ്യത്യാസങ്ങള്‍ക്കപ്പുറം സ്വന്തം പാര്‍ട്ടിയുമായി ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യവും രണ്ടാം സീറ്റിലുണ്ടാകും. ഇത്തവണ തന്നെ വടക്ക്– തെക്ക് വ്യത്യാസങ്ങള്‍ ചര്‍ച്ചയായ ഘട്ടത്തില്‍ നരേന്ദ്ര മോദി തെക്കേ ഇന്ത്യയില്‍ നിന്നൊരു മണ്ഡലത്തില്‍ മല്‍സരിക്കും എന്നൊരു ശ്രുതിയുണ്ടായിരുന്നു.

 

എതിര്‍വാദങ്ങള്‍

ഒരാള്‍ തന്നെ രണ്ട് സീറ്റില്‍ മല്‍സരിക്കുന്നതിനോട് ഇലക്ഷന്‍ കമ്മിഷന് വിയോജിപ്പാണ്. ഒരിടത്ത് ജയിച്ച് മറ്റേ സീറ്റ് രാജിവച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടത് ഇലക്ഷന്‍ കമ്മിഷനാണെന്നത് തന്നെ കാരണം. പണവും അധ്വാനവും സമയവും വെറുതെ കളയുന്ന പരിപാടിയാണിത്. വീണ്ടും പത്രിക വാങ്ങല്‍, സൂക്ഷ്മ പരിശോധന, പെരുമാറ്റച്ചട്ടം, ഇലക്ഷന്‍ ഡ്യൂട്ടി, ബൂത്ത് തയാറാക്കല്‍, പോളിങ്, കൗണ്ടിങ് പ്രഖ്യാപനം അങ്ങനെ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വരുന്നു.  ഇലക്ഷന്‍ കമ്മിഷന് മാത്രമല്ല മിനക്കേട്. ജയിച്ച പാര്‍ട്ടിക്ക് അവരുടെ ശക്തി പ്രകടനമോ നേതാവിന്‍റെ സുരക്ഷിത സീറ്റോ ഒക്കെയായിരിക്കും പ്രശ്നം. പക്ഷേ മറ്റു പാര്‍ട്ടികള്‍ക്കോ. അവര്‍ക്കും പോസ്റ്ററടി , ചുമരെഴുത്ത്, പ്രചാരണ ഗാനം, കണ്‍വെന്‍ഷന്‍ എന്നൊക്കെ പറഞ്ഞ് ചെലവോട് ചെലവാണ്.  ആന്ത്യന്തികമായി ഇതെല്ലാം ബാധിക്കുന്നത് പൊതുജനത്തെയും. തിരഞ്ഞെടുപ്പിനായി വേണ്ടിവരുന്നത്  നമ്മുടെ നികുതിപ്പണമാണല്ലോ. ഇലക്ഷന്‍ ഫണ്ടിനായി പാര്‍ട്ടികള്‍ പിരിവു നടത്തുന്നതും ജനങ്ങളില്‍ നിന്ന് തന്നെ. മാത്രമല്ല തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാരില്‍ മടുപ്പുണ്ടാക്കുകയും ചെയ്യും. മറ്റൊന്ന് രാഷ്ട്രീയ ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയമാണ്. ഒരാള്‍ വോട്ടു തേടുന്നത് അടുത്ത അഞ്ചു വര്‍ഷം നിങ്ങളുടെ പ്രതിനിധിയായിരിക്കും എന്ന ഉറപ്പു നല്‍കികൊണ്ടാണ്. അത് പ്രതീക്ഷിച്ചാണ് ആളുകള്‍ വോട്ടുചെയ്യുന്നതും. അങ്ങനെ ജയിച്ചതിനു ശേഷം രാജിവയ്ക്കുന്നത് വോട്ടുചെയ്തവരോടുള്ള അനീതിയാണ്.

1990 ലെ ദിനേഷ് ഗോസ്വാമി കമ്മിഷനും 1999ലെയും 2015ലെയും ലോ കമ്മിഷനുകളും ഇരട്ട മല്‍സരം നിര്‍ത്തുന്ന കാര്യം മുന്നോട്ടുവച്ചു.  2004 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഇക്കാര്യത്തില്‍ ചില ആശയങ്ങളുയര്‍ത്തി.  ഒരാള്‍ക്ക് ഒരേ സമയം രണ്ട് സീറ്റില്‍ മല്‍സരിക്കാന്‍ അനുവാദം നല്‍കുന്ന ജനപ്രാതിനിധ്യ നിയമം  സെക്ഷന്‍ 33 (7) ഒഴിവാക്കണം എന്നായിരുന്നു കമ്മിഷന്‍റെ ആവശ്യം.  അല്ലെങ്കില്‍ രണ്ട് സീറ്റും ജയിച്ച ശേഷം ഒരിടത്ത് രാജിവക്കേണ്ടി വന്നാല്‍ ആ സ്ഥാനാര്‍ഥിയില്‍ നിന്ന് തുകയീടാക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. നിയമസഭാ സീറ്റാണെങ്കില്‍ 5 ലക്ഷം രൂപയും ലോക്സഭാ സീറ്റാണെങ്കില്‍ 10 ലക്ഷം രൂപയും പിഴയീടാക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്.  എന്നാല്‍ നിര്‍ദേശം സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഇതുസംബന്ധിച്ച കേസ് പരിഗണിച്ചു. ഇരട്ട മല്‍സരം നിരോധിക്കാന്‍ അഡ്വക്കറ്റ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ കേസ്. ബിജെപിക്കാരനാണ് ഉപാധ്യായ. നയപരമായ തീരുമാനമാണ് വേണ്ടതെന്നും പാര്‍ലമെന്‍റാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു ചീഫ് ജസ്റ്്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

എല്ലാ പാര്‍ട്ടികളും മുന്നണികളും അവരുടെ നേതാക്കള്‍ക്കായി ഒരേ സമയം രണ്ട് സീറ്റ് എന്ന സാധ്യത നോക്കിയിട്ടുണ്ട്. ഇനിയും നോക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരുകളോ നിയമനിര്‍മാണ സഭകളോ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. രണ്ടിടത്ത് ഒരേ സമയം മല്‍സരിക്കാന്‍ നിയമം നല്‍കുന്ന അവകാശം തുടരണം എന്നായിരിക്കും മിക്ക പാര്‍ട്ടികളുടെയും ആവശ്യം. നിലവിലെ നിയമം തുടരണമെന്ന് പറയുന്നവരുടെ വാദങ്ങള്‍ ഇവയാണ്– ഇതിനെ കേവലം ചെലവു പ്രശ്നമായി മാത്രം കാണരുത് . തിരഞ്ഞെടുപ്പില്‍ ഒരാള്‍ മല്‍സരിക്കുന്നത് ജയം മാത്രം ലക്ഷ്യമിട്ടല്ല. ഒരു രാഷ്ട്രീയ സന്ദേശം പ്രചരിപ്പിക്കാന്‍ കൂടിയാണ്. ഉയര്‍ന്ന നേതാക്കളുടെ സാന്നിധ്യം സഭകളില്‍ ഉറപ്പാക്കാന്‍ അതാതു പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സുരക്ഷിതമായ രണ്ടാം മണ്ഡലം കണ്ടെത്തുന്നത് ചില സാഹചര്യങ്ങളില്‍ അതിനു വേണ്ടിയാകും. ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് എല്ലാ പ്രദേശങ്ങള്‍ക്കും ഒപ്പമുണ്ടെന്ന വിശ്വാസം വോട്ടര്‍മാരിലുണ്ടാക്കാന്‍ പല സീറ്റുകളില്‍ മല്‍സരിക്കേണ്ടി വരും.

വാദങ്ങള്‍ പലതുണ്ടാകും. എങ്കിലും ചെലവും ബുദ്ധിമുട്ടും കുറയ്ക്കാന്‍ എന്ന പേരില്‍ ഒരു രാജ്യം. ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഒരു സ്ഥാനാര്‍ഥി. ഒരു മണ്ഡലം എന്ന വിഷയവും. എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ലോക്സഭയിലേക്ക് മല്‍സരിച്ച് ജയിക്കുമ്പോള്‍ ഉണ്ടാകുന്ന തിരഞ്ഞെടുപ്പുകളും ഇതുപോലൊന്നാണ്.

ENGLISH SUMMARY:

How can a candidate contest in multiple seats