വന്യമൃഗങ്ങളുടെ നിഴല്‍ തട്ടിയാല്‍ ക്യാമറയിലൂടെ അറിഞ്ഞ് ഉച്ചത്തില്‍ മുന്നറിയിപ്പ് ശബ്ദമുണ്ടാക്കുന്ന സുരക്ഷാ കവചമൊരുക്കി തമിഴ്നാട് വനംവകുപ്പ്. നിഴല്‍ മാറും വരെ യന്ത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രിയിലും ജനങ്ങള്‍ക്ക് മുന്‍കരുതലെടുക്കാനാവും. വാല്‍പ്പാറയില്‍ ജനവാസമേഖലയിലെ വന്യമൃഗശല്യം തടയുന്നതിനാണ് മൂന്ന് കോടി ചെലവില്‍ ലയങ്ങള്‍ക്ക് സമീപം പുതിയ പദ്ധതി നടപ്പാക്കിയത്.
ആനയും, പുലിയും, കാട്ടുപോത്തും, കരടിയും ഉള്‍പ്പെടെ ഏത് മൃഗം വീടിനടുത്തേക്ക് വന്നാലും ഈ ശബ്ദത്തില്‍ മുന്നറിയിപ്പ് നല്‍കും. രാത്രിയിലാണെങ്കിലും വീട്ടുകാരുടെ ശ്രദ്ധയെത്തും. വേഗത്തില്‍ കരുതല്‍ നടപടിയെടുക്കാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലെ പദ്ധതി വിജയകരമായതിനാല്‍ വിപുലമാക്കുന്നതിനാണ് വാല്‍പ്പാറയിലെ ജനവാസകേന്ദ്രങ്ങളില്‍ സ്ഥാപിച്ചത്. മാനാമ്പള്ളി, വാല്‍പ്പാറ റേഞ്ചുകളിലായി മൂന്ന് കോടി ചെലവില്‍ 1300 മുന്നറിയിപ്പ് യന്ത്രങ്ങളുണ്ടാവും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ അടുത്തിടെ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടസാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു കരുതല്‍ സംവിധാനം. സോളര്‍ ഊര്‍ജമായതിനാല്‍ വൈദ്യുതിയുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കും. തോട്ടം തൊഴിലാളികളുടെ ഉള്‍പ്പെടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
സുരക്ഷാ കവചത്തിന്റെ പ്രവര്‍ത്തനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് വിശദീകരിച്ചു. മുന്നറിയിപ്പ് സംവിധാനങ്ങള്‍ നടപ്പാക്കിയെങ്കിലും രാത്രികാല പരിശോധനയും നിരീക്ഷണവും ഉള്‍പ്പെടെ വനംവകുപ്പ് ആര്‍ആര്‍ടി സംഘങ്ങള്‍ മാനാമ്പള്ളിയിലും വാല്‍പ്പാറ മേഖലയിലും പതിവുപോലെ തുടരും. വനംവകുപ്പിനും ജനങ്ങള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്ന പദ്ധതിയെന്നാണ് വിലയിരുത്തല്‍.