ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന( 51) ,ശോഭ (45) എന്നിവരാണ് മരിച്ചത്. 10 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. രണ്ട് കുട്ടികള്‍ക്ക് മൂന്നുവയസും ഒരു കുട്ടിക്ക് ആറുവയസും മാത്രമാണുള്ളത്.
തിരുച്ചിറപ്പള്ളിയില്‍ പവര്‍ഗ്രിഡില്‍ ഉദ്യോഗസ്ഥനായ മിഥുന്‍ രാജിനേയും കുടുംബത്തേയും കാണാനെത്തിയതായിരുന്നു ബന്ധുക്കള്‍. മിഥുന് തൃശൂരിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. ഇതിന് മുന്നോടിയായി നാട്ടിലുള്ള ബന്ധുക്കളുമായി ക്ഷേത്രദര്‍ശനം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് കോഴിക്കോട് നിന്ന് എത്തിയ ബന്ധുക്കളുമായി മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ തിരുച്ചിറപ്പള്ളിയിലേക്ക് പോകുകയായിരുന്നു ഇവര്‍.
ഇതിനിടെ നത്തം അടുത്ത് പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയശേഷം മധുരയിലെ സ്വാകര്യ ആശുപത്രിയിലേക്ക് മാറ്റി.