മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡിയുടെ സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകുന്നതുവരെയാണ് സ്റ്റേ. മൂന്ന് ദിവസത്തിനകം അന്തിമ ഉത്തരവുണ്ടാകും.
ഏഴ് മണിക്കൂറോളം നീണ്ട വാദത്തിനൊടുവില്‍ ഇഡിയെയും കേജ്‍രിവാളിനെയും വിശദമായി കേട്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് അന്തിമ ഉത്തരവിനായി ഇഡിയുടെ ഹര്‍ജി മാറ്റിയത്. അന്തിമ ഉത്തരവ് വരെ വിചാരണക്കോടതിയുടെ ജാമ്യം സ്റ്റേ ചെയ്തു. ഇന്നലെയാണ് മദ്യനയക്കേസില്‍ കേജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണ നിരോധന നിയമത്തിലെ നാല്‍പ്പത്തിയഞ്ചാം വകുപ്പ് പ്രകാരമുള്ള ഇരട്ട വ്യവസ്ഥ പാലിക്കാതെയാണ് വിചാരണക്കോടതി കേജ്‍രിവാളിന് ജാമ്യം അനുവദിച്ചതെന്ന് അഡീഷണല്‍ സോളിസ്റ്റര്‍ ജറല്‍ എസ്.വി.രാജു ഇഡിക്കായി വാദിച്ചു. അന്വേഷണ ഏജന്‍സിയുടെ വാദം നിരത്താന്‍ കൂടുതല്‍ സമയം അനുവദിച്ചില്ല. കേസെടുത്തു എന്ന് പറയുന്ന തീയതി ഉത്തരവില്‍ വന്നപ്പോള്‍ തെറ്റിപ്പോയെന്നും എസ്.വി.രാജുവിന്‍റെ വാദം.
മുഖവിലയ്ക്കെടുക്കാന്‍ സാധിക്കാത്ത ഒരുകൂട്ടം ആളുകളുടെ മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും വാദിച്ചു. വിചാരണക്കോടതി ജഡ്ജിയെ ചോദ്യംചെയ്യുന്ന തരത്തില്‍ വാദങ്ങള്‍ നിരത്തുന്നത് ഇഡി വിശുദ്ധ പശുവായതുകൊണ്ടാണെന്നും അഭിഷേക് സിങ്‌വി. ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നും നീതിയെ പരിഹസിക്കുന്നതാണ് സ്റ്റേയെന്നും കേജ്‍രിവാളിന്‍റെ അഭിഭാഷകന്‍ വിക്രം ചൗധരി പ്രതികരിച്ചു. മദ്യനയ അഴിമതിക്കേസില്‍ കേജ്‍രിവാള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേജ്‍രിവാളിന് റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്.
കൊട്ടും മേളവുമായി കേജ്‍രിവാളിനെ വരവേല്‍ക്കാന്‍ നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയാണ് ഡല്‍ഹി ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ.