gst-council

ഫോട്ടോ: പിടിഐ(ഫയല്‍)

TOPICS COVERED

ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന്  ജി.എസ്.ടി. കൗണ്‍സില്‍ ചേരും. ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെ.എന്‍.ബാലഗോപാല്‍ ഉള്‍പ്പെടെ സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കും. ബജറ്റ് അവതരണത്തിന് മുന്‍പ് ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.  

 

അന്‍പത്തിമൂന്നാമത് കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചന നല്‍കിയിരുന്നു. ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില ഗണ്യമായി കുറയും. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ഇത് സഹായിക്കും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയുമെന്നതിനാല്‍ കേരളം  നീക്കത്തെ ശക്തമായി എതിര്‍ക്കും. ചര്‍ച്ച നടന്നാലും തീരുമാനം ഉടന്‍ ഉണ്ടായേക്കില്ല.  ഓണ്‍ലൈന്‍ ഗെയിമിങ്, ഹോഴ്സ് റേസിങ്, കസിനോകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ 28 ശതമാനം നികുതിഘടന നടപ്പാക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നേക്കും. നികുതി  നികുതി വര്‍ധിപ്പിക്കുന്നത് തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ അറിയിച്ചിരുന്നു.

വിവിധ ജി.എസ്.ടി. നിരക്കുകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശങ്ങളും ഉയരും.  ടെക്സ്റ്റൈല്‍സ്, രാസവളം  മേഖലകളെ ബാധിക്കുന്ന ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ സംവിധാനത്തില്‍ മാറ്റംവരുത്തുന്നതും ചര്‍ച്ചയാവും. ജി.എസ്.ടി. കുടിശികയുടെ പേരില്‍ വ്യാപാരികള്‍ക്ക് ചുമത്തപ്പെട്ട പിഴ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് നടപടി വേണമെന്ന് ആവശ്യവും യോഗത്തിലുയരും. . മൂന്നുമാസത്തിലൊരിക്കല്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരണമെന്നാണ് ധാരണയെങ്കിലും തിരഞ്ഞെടുപ്പുകാരണം വൈകുകയായിരുന്നു. 

ENGLISH SUMMARY:

State Finance Ministers including KN Balagopal will attend the meeting chaired by Finance Minister Nirmala Sitharaman in Delhi