TOPICS COVERED

ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. ജി.എസ്.ടി. കൗണ്‍സില്‍ യോഗവും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ധനകാര്യ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. 

അടുത്തമാസം ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചത്. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‌‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പങ്കുവയ്ക്കും.  സംസ്ഥാന വിഹിതം കുറഞ്ഞതുള്‍പ്പെടെ കേരളം യോഗത്തില്‍ ചൂണ്ടിക്കാട്ടും.  പഴയ സർക്കാരിന്‍റെ സമീപനമായിരിക്കില്ല പുതിയ മുന്നണി സർക്കാരിനെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ധനകാര്യ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമെന്നും  മാനദണ്ഡങ്ങൾ ലംഘിച്ചാൽ സാമ്പത്തികനിലയെ ബാധിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു.

 ഏഴുമാസത്തിന് ശേഷം ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ സുപ്രധാനതീരുമാനങ്ങള്‍ ഉണ്ടായേക്കും. ജി.എസ്.ടി. നടപ്പിലാക്കിയതിലൂടെ കേരളത്തിനുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരുന്നത് ചര്‍ച്ചയ്ക്കുവന്നാല്‍ കേരളം ശക്തമായി എതിര്‍ക്കും.  ഓണ്‍ലൈന്‍ ഗെയിമിങ്, ഹോഴ്സ് റേസിങ്, കസിനോകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ 28 ശതമാനം നികുതിഘടന നടപ്പാക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും.  വിവിധ ജി.എസ്.ടി. നിരക്കുകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശങ്ങളും ഉയരും.

ENGLISH SUMMARY:

The Union Finance Minister called for a meeting with the state Finance Ministers ahead of the budget, which took place in Delhi.