ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്‌റ്റേഷന്‍റെ മതിൽ തകർന്നുവീണു. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. 2023 ഡിസംബർ 30നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ് ചെക്ക് പ്രകാരം തകർന്ന മതിൽ പുതിയ സ്റ്റേഷന്‍റെ ഭാഗമല്ലെന്നും പഴയ സ്റ്റേഷൻ ഏരിയയുടേതാണെന്നുമാണ് പറയുന്നത്. സ്വകാര്യവ്യക്തിയുടെ കുഴിയെടുപ്പും സമീപത്തെ സ്വകാര്യമേഖലയിൽ വെള്ളം കയറിയതുമാണ് തകർച്ചയ്ക്ക് കാരണമെന്ന് പിഐബി വ്യക്തമാക്കി.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ സമാജ്‌വാദി പാർട്ടി (എസ്‌പി), കോണ്‍ഗ്രസ് പോലുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ബിജെപിക്കെതിരെ അഴിമതി ആരോപിച്ച് എസ്പി നേതാവ് ഐപി സിങ്ങും രംഗത്തെത്തി. അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്നാണ് സിങ് പറഞ്ഞത്. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മഴക്കാലത്തെ പോലും താങ്ങാൻ പുതിയ മതിലിന് കഴിയുന്നില്ല. നൂറ്റാണ്ടുകളായി ഈ കപട അഴിമതി തുടരുന്ന ബി.ജെ.പിക്കും സംഘ്പരിവാറിനും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.