ഇന്ന് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‍റെ 49-ാം വാര്‍ഷികദിനം. ജനാധിപത്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും വിലയെന്താണെന്നതിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ജൂണ്‍ 25
ആള്‍ ഇന്ത്യാ റേഡിയോയിലൂടെ ഇന്ദിരാഗാന്ധി ഈ പ്രഖ്യാപനം നടത്തുമ്പോഴേക്ക് രാജ്യം ഭീതിയിലമര്‍ന്നിരുന്നു. പൗരാവകാശങ്ങള്‍ റദ്ദായി. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം നിലച്ചു. എതിര്‍ചേരിയിലെ നേതാക്കള്‍ അഴിക്കുള്ളിലായി. വാര്‍ത്തകള്‍ക്ക് സെന്‍സര്‍ഷിപ് വന്നു. മന്ത്രിസഭയോട് പോലും ആലോചിക്കാതെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെടുത്ത തീരുമാനം. 1975 ജൂണ്‍ 25 രാത്രി 11 ന് രാഷ്ട്രപതി ഫക്കറുദീന്‍ അലി അഹമദ് ഒപ്പിട്ട ഓര്‍ഡിന്‍സിലൂടെ നിലവില്‍ വന്ന ആഭ്യന്തര അടിയന്തരാവസ്ഥ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി പകുത്തു. ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മകള്‍ അങ്ങനെ രാജ്യത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധ പ്രവൃത്തിയുടെ നേതൃത്വം കയ്യാളി.
തിരഞ്ഞെടുപ്പ് ക്രമക്കേടിന് റായ് ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ 1971 ലെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇന്ദിരയുടെ അപ്പീലില്‍ സുപ്രീംകോടതിയില്‍ നിന്ന് ജൂണ്‍ 24ന് ഇടക്കാല ഉത്തരവ് വന്നു. പ്രധാനമന്ത്രിക്ക് പാര്‍ലമെന്‍റ് നടപടികളില്‍ പങ്കെടുക്കാം. പ്രസംഗിക്കാം. പക്ഷേ വോട്ടവകാശം ഉണ്ടാകില്ല. ഈ വിധിയുടെ പിന്നാലെയാണ് ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് വിധി പറഞ്ഞ അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്. സമരങ്ങളും അക്രമങ്ങളും കുറഞ്ഞതും സര്‍ക്കാരിന്‍റെ കാര്യക്ഷമത കൂടിയതും നല്ല കാര്യങ്ങളായി കണ്ടവരുണ്ടായിരുന്നു. പക്ഷേ അധികാര ദുര്‍വിനിയോഗം എല്ലാ പരിധിയും വിട്ടപ്പോള്‍ ആരാധകരും എതിരാളികളായി. സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ സഞ്ജയ് ഗാന്ധി വെറുപ്പിക്കാവുന്നതിന്‍റെ അങ്ങേയറ്റം വെറുപ്പിച്ചു. നിര്‍ബന്ധിത വന്ധ്യംകരണവും ഭരണഘടനാ ഭേദഗതികളും പ്രതികാര നടപടികളും നിയമവിരുദ്ധ അറസ്റ്റുകളും ജനരോഷം ക്ഷണിച്ചു വരുത്തി. ഇലക്ഷന്‍ നടത്തി തന്‍റെ തീരുമാനങ്ങള്‍ക്ക് ജനഹിതം നേടാനാകുമെന്ന് ഇന്ദിര തെറ്റിദ്ധരിച്ചു. അടിയന്തരാവസ്ഥയില്‍ ഇളവ് നല്‍കി 1977 ജനുവരി 18 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനം പക്ഷേ ഇന്ദിരക്ക് ഒരിളവും നല്‍കിയില്ല. ഏകാധിപത്യ കുപ്പായമാഗ്രഹിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പെന്ന പോലെ ഇന്ത്യന്‍ വോട്ടര്‍ ഇന്ദിരയെ തോല്‍പ്പിച്ചു. ഭരണഘടനയ്ക്ക് വോട്ടുചെയ്തു. ജനാധിപത്യത്തെ ജയിപ്പിച്ച