മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തി. മദ്യനയത്തില്‍ സൗത്ത് ഗ്രൂപ്പ് നിര്‍ദേശം നല്‍കിയതിന് തെളിവുണ്ടെന്നും എതിര്‍പ്പറിയിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയെന്നുമാണ് സി.ബി.ഐ ആരോപിക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ടാണ് കേജ്‍രിവാള്‍ മദ്യ നയത്തിന് അനുമതി നല്‍കിയതെന്നും സി.ബി.ഐ അവകാശപ്പെടുന്നു. അതേസമയം, ജാമ്യം സ്റ്റേ ചെയ്തതിനെതിരായ ഹര്‍ജി കേജ്‍രിവാള്‍ പിന്‍വലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി സമര്‍പ്പിക്കും.
2022 ഓഗസ്റ്റ് മുതല്‍ കേസ് പെന്‍ഡിങിലാണെന്നും സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചത്. അതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഒന്‍പത് മണിക്കൂറാണ് ചിലവഴിക്കേണ്ടി വന്നത്. ഒരു നോട്ടിസ് പോലും സി.ബി.ഐ അയച്ചിരുന്നില്ല. എങ്ങനെയാണ് സാക്ഷിയില്‍ നിന്നും ഒരാളെ പ്രതിയാക്കി മാറ്റാന്‍ കഴിയുകയെന്നും കേജ്‍രിവാള്‍ വാദിച്ചു.
അതേസമയം കേജ്രിവാളിന്റേത് അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്നുമായിരുന്നു സി.ബി.ഐയുടെ മറുപടി. കേസില്‍ അന്വേഷണം തുടങ്ങിയെന്ന് കേജ്രിവാളിനെ അറിയിക്കേണ്ട കാര്യമൊന്നും ഇല്ലെന്നും കസ്റ്റഡി ആവശ്യമുന്നയിച്ച് കോടതിയില്‍ മാത്രമേ വിവരം ധരിപ്പിക്കേണ്ടതുള്ളൂവെന്നും സി.ബി.ഐ വാദിച്ചു.