ratan-tata-dog-help

ചിത്രം: instagram.com/ratantata

TOPICS COVERED

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നായയ്ക്ക് രക്തദാനത്തിന് സഹായം ആവശ്യപ്പെട്ട് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ.  ടാറ്റ ട്രസ്റ്റിന് കീഴിലുള്ള മുംബൈയിലെ സ്മോൾ അനിമൽ ഹോസ്പിറ്റലിൽ കഴിയുന്ന നായയ്ക്ക് വേണ്ടിയാണ് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ അഭ്യർഥന. മരണകാരണമാകും വിധം വിളർച്ചയും പനിയമുള്ള ഏഴുമാസം പ്രായമുള്ള നായയാണ് ആശുപത്രിയിലുള്ളത്. ഒന്നുമുതൽ 8വരെ വയസുപ്രായമുള്ള 25 കിലോയെങ്കിലും ഭാരമുള്ള  നായ്ക്കളെയാണ് രക്തദാനത്തിനായി തേടുന്നത്.

രക്തദാനത്തിനായി  ഉടമകൾക്ക് ബന്ധപ്പെടാനുള്ള നമ്പർ സഹിതമാണ് പോസ്റ്റ്. നായയുടെ രോഗാവസ്ഥയും ആവശ്യമായ സഹായവും അടങ്ങുന്ന പോസ്റ്റ് സ്റ്റോറിയായും പങ്കുവച്ചിട്ടുണ്ട്. ഇതുവരെ 5 ലക്ഷലേറെപേർ പോസ്റ്റ് ലൈക്ക് ചെയ്തു. സഹായത്തിന് മറുപടിയായും രത്തൻ ടാറ്റയെ പ്രകീർത്തിച്ചും ഒ‌ട്ടേറെ കമൻറുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഡൗൺ–ടു–എർത്ത് ബിസിനസ് മാൻ എന്നാണ് ഒരു കമൻറ്,  ഒരു കോടീശ്വരൻ നായയ്ക്ക് വേണ്ടി സഹായം അഭ്യർഥിക്കുന്നത് ചിന്തിക്കാൻ കഴിയുമോ എന്ന് മറ്റൊരു പോസ്റ്റ്.

ഇതാദ്യമല്ല, രത്തൻ ടാറ്റയുടെ നായപ്രേമം  വാർത്തയിൽ ഇടം പിടിക്കുന്നത്.  കാണാതായ നായയെ ഉടമസ്ഥരിലേക്ക് എത്തിക്കുന്നതിന് സമാനമായൊരു പോസ്റ്റ്  മുൻപ് അദ്ദേ​ഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ഹോട്ടൽ പരിസരത്തെത്തുന്ന തെരുവനായ്ക്കളോട് നന്നായിടപെടാൻ നിർദേശിച്ച് താജ്മഹൽ ഹോട്ടൽ ജീവനക്കാർക്ക്  നിർദേശം നൽകിയുള്ള  ലിങ്ക്ഡ്ഇന്നിലെ പോസ്റ്റും ശ്രദ്ധേയമായിരുന്നു. മ‍ൃഗങ്ങളോടുള്ള  അദ്ദേഹത്തിന്റെ അനുകമ്പയുടെ ഭാഗമായാണ്  ടാറ്റ ട്രസ്റ്റിന്റെ കീഴിൽ മുംബൈയിൽ സ്മോൾ അനിമൽ ഹോസ്പിറ്റൽ ആരംഭിച്ചത്. പൂച്ചകൾക്കും നായകൾക്കും അത്യാധുനിക ചികിത്സ നൽകുന്ന ആശുപത്രിയാണിത്.

ENGLISH SUMMARY:

Ratan Tata Seek Blood For Injured 7 Month Old Dog Admitted In Mumbai's Small Animal Hospital