mukesh-ambani-ratan-tata

എത്തിയ ഇടത്തെല്ലാം ഒന്നാം സ്ഥാനമാണ് ലക്ഷ്യം. ടെലികോം രംഗം കൈ പിടിയിലാക്കിയ ശേഷം മീഡിയ ബിസിനസിലേക്കാണ് മുകേഷ് അംബാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും അടുത്തതായി കണ്ണുവെയ്ക്കുന്നത്. ടെലിവിഷന്‍ രംഗത്തും സ്ട്രീമിങ് രംഗത്തും നിലവില്‍ സാന്നിധ്യമുള്ള റിലയന്‍സ് ഗ്രൂപ്പിന് മുന്നിലുള്ളത് വലിയ സാധ്യതകളാണ്. ഇതിലൊന്നാണ് ഡിസ്നിയുമായുള്ള ചര്‍ച്ചകള്‍. അതിനൊപ്പം ടാറ്റ ഗ്രൂപ്പിന്‍റെ സാറ്റലൈറ്റ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ടാറ്റ പ്ലേയിലും ഓഹരികള്‍ സ്വന്തമാക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ശ്രമം. ടാറ്റ പ്ലേയില്‍ വാള്‍ട്ട് ഡിസ്നി കൈവശം വെയ്ക്കുന്ന 29.8 ശതമാനം ഓഹരികളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ കണ്ണ്. ഇന്ത്യന്‍ ടെലിവിഷന്‍ വിതരണ രംഗത്ത് ആഴത്തിലുള്ള സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ പുതിയ നീക്കം. 

ANI_20240110013

ടാറ്റയുമായുള്ള ആദ്യ സഹകരണം

സാറ്റലൈറ്റ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ടാറ്റ പ്ലേയില്‍ ഏറ്റവും വലിയ ഓഹരി ഉടമ ടാറ്റ ഗ്രൂപ്പിന്‍റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സാണ്. 50.2 ശതമാനം ഓഹരി പങ്കാളിത്തം കമ്പനിക്കുണ്ട്. വാള്‍ട്ട് ഡിസ്നിയെ കൂടാതെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനം തെമാസെക്കിനും ടാറ്റ പ്ലേയില്‍ നിക്ഷേപമുണ്ട്. ചര്‍ച്ചകള്‍ വിജയം കാണുകയാണെങ്കില്‍ ടാറ്റ ഗ്രൂപ്പും റിലയന്‍സും കൈകോര്‍ക്കുന്ന ആദ്യ സംരംഭമാകുമിത്. ഇത് ജിയോ സിനിമയ്ക്ക് ടാറ്റ പ്ലേ പ്ലാറ്റ്ഫോമിലേക്കുള്ള വഴി തുറയ്ക്കും. 

ഓഹരി വിറ്റഴിക്കാന്‍ ഡിസ്നി

ടാറ്റ പ്ലേയിലെ ഓഹരി വിറ്റഴിക്കാന്‍ ഡിസ്നി നേരത്തെ ശ്രമം നടത്തുന്നുണ്ട്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ടാറ്റ പ്ലേയുടെ ഓഹരികള്‍ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാല്‍ ഐപിഒ നീട്ടിവെച്ചതിനാല്‍ ഇത് വൈകി. തെമാസെകും ഓഹരി വിറ്റഴിക്കാനുള്ള സാധ്യതകള്‍ തേടുന്നുണ്ട്. കയ്യിലുള്ള 20 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു.

പുതിയ കാലത്ത് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാര്‍, ജിയോ സിനിമ, ആമസോണ്‍ പ്രൈം തുടങ്ങിയവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് ടാറ്റ പ്ലേ നേരിടുന്നത്. മാര്‍ച്ചില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ പ്ലേ 105 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. 4,499 കോടി രൂപയായിരുന്നു വരുമാനം. തൊട്ട് മുന്‍പുള്ള സാമ്പത്തിക വര്‍ഷം 68.60 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനിയാണ് നഷ്ടത്തിലേക്ക് വീണത്. 

വിപണി വിഹിതം ഉയരും

രാജ്യത്തെ ഏറ്റവും വലിയ മീഡിയ, എന്‍റര്‍ടെയിന്‍മെന്‍റ് ബിസിനസിലേക്ക് കടക്കാനൊരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കുന്നത് സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകളിലാണ് കമ്പനി. റിലയന്‍സിന്‍റെ കയ്യിലുള്ള മീഡിയ ബിസിനസും ഡിസ്നിയുടെ ബിസിനസും ചേരുന്നതോടെ ടെലിവിഷന്‍ രംഗത്ത് ഏകദേശം 40 ശതമാനവും ഡിജിറ്റല്‍ രംഗത്ത് 35 ശതമാനവും വിപണി വിഹിതം ലഭിക്കും. രാജ്യത്തെ ക്രിക്കറ്റ് സംപ്രേക്ഷണ രംഗത്ത് ഈ സ്ഥാപനത്തിനാകും കുത്തക. 

നിലവില്‍ വിയകോം18 നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം. ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്‍റെ മൂന്ന് ഫോര്‍മാറ്റിലെയും (ടി20, ഏകദിനം, ടെസ്റ്റ്) ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ് അവകാശവും വിയകോം18 നാണ്. ഡിസ്നി സ്റ്റാറിനാകട്ടെ ഐപിഎല്ലിന്‍റെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് അവകാശവും ഐസിസി മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിങും സ്വന്തമായുണ്ട്.

Reliance Industries talk with walt disney to acquire its stake in tata play