അയോധ്യ ക്ഷേത്ര നഗരിയിലെ വെള്ളക്കെട്ടും റോഡുകളുടെ തകര്‍ച്ചയും നാണക്കേടായതിനുപിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരടക്കം ആറുപേരെ സസ്പെന്‍ഡ് ചെയ്തു.  രാമക്ഷേത്രത്തിലേക്കുള്ള പാതയുള്‍പ്പെടെ മഴയില്‍ തകര്‍ന്നിരുന്നു. 

ആഘോഷമായി നടത്തിയ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുശേഷം ആറുമാസം മാത്രം പിന്നിടവെയാണ് ക്ഷേത്രത്തിലേക്കുള്ള രാം പഥ് റോഡടക്കം ആദ്യമഴയില്‍തന്നെ തകര്‍ന്നത്.  ക്ഷേത്രനഗരിയില്‍ പലയിടത്തും വന്‍വെള്ളക്കെട്ടുമുണ്ടായി.  പൗരാണിക നഗരത്തിന്‍റെ പ്രൗഢി വീണ്ടെടുത്തെന്നാവകാശപ്പെട്ട കേന്ദ്ര, യു.പി സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷവും വിമര്‍ശനവും പരിഹാസവുമുയര്‍ന്നു.  ഇതോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടിക്ക് നിര്‍ദേശം നല്‍കി. പിന്നാലെയാണ് ആറു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.  ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിലെ മൂന്ന് എൻജീനിയർമാര്‍‌ക്കും ജലവകുപ്പിലെ മൂന്ന്  ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് നടപടി. നിർമാണത്തിൽ പങ്കാളികളായ കരാർ കമ്പനികൾക്ക് സർക്കാർ നോട്ടിസുമയച്ചു. റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കും വെള്ളക്കെട്ട് ഒഴിവാക്കാനും ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ജനുവരി 22 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രാമക്ഷേത്ര പ്രതിഷ്ഠ. ഇതിനുമുന്നോടിയായി നിര്‍മിച്ച രാം പഥില്‍ പത്തിലേറെയിടങ്ങളിലാണ് മഴയില്‍ ഗര്‍ത്തങ്ങളുണ്ടായത്. പുതുതായി നിർമിച്ച റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.  

ENGLISH SUMMARY:

Ayodhya Rains: Waterlogging, Damaged Roads; UP Govt to take action against officials