Image Credit: X

TOPICS COVERED

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വിഗ്രഹങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ നല്‍കി ക്ഷമ ചോദിച്ച് മോഷ്ടാവ്. വിഗ്രഹം മോഷ്ടിച്ച അന്നുമുതല്‍ പേടിസ്വപ്നങ്ങളും രോഗങ്ങളും തന്നെ വിടാതെ വേട്ടയാടുന്നുവെന്ന് ക്ഷേത്രം പൂജാരിക്കായി എഴുതിയ കത്തില്‍ മോഷ്ടാവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രായാഗ് രാജ് ജില്ലയിലാണ് സംഭവം. പ്രസിദ്ധമായ ഗൗഘട്ട് ആശ്രമത്തിന് സമീപമുള്ള ക്ഷേത്രത്തിലെ രാധാകൃഷ്ണ വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... സെപ്റ്റംബർ 23ന് രാത്രിയാണ് ക്ഷേത്രത്തിൽ നിന്ന് രാധാകൃഷ്ണന്‍റെ വിലയേറിയ അഷ്ടധാതു വിഗ്രഹം മോഷ്ടിക്കപ്പെടുന്നത്. പിന്നാലെ ആശ്രമത്തിലെ പൂജാരി മഹന്ത് സ്വാമി ജയറാം ദാസ് മഹാരാജ് സംഭവം പൊലീസില്‍ അറിയിച്ചു. അജ്ഞാതരായ കള്ളന്മാർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാല്‍ ഒക്ടോബര്‍ ഒന്നിന് ചൊവ്വാഴ്ച വൈകുന്നേരം ആശ്രമം റോഡിന് പുറത്ത് ഒരാൾ ചാക്ക് ഉപേക്ഷിച്ച് ഓടുന്നതായി പ്രദേശവാസികൾ കണ്ടു. ചാക്ക് തുറന്നു പരിശോധിച്ചപ്പോളാണ് രാധാകൃഷ്ണന്‍റെ വിഗ്രഹം കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികള്‍ ക്ഷേത്രത്തിലെ പൂജാരിയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വിഗ്രഹത്തോടൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. ‘മഹാരാജ് ജി പ്രണാമം, ഞാൻ ഒരു വലിയ തെറ്റ് ചെയ്തു, മനസ്സില്ലാമനസ്സോടെ രാധയുടെയും കൃഷ്ണന്‍റെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു. മോഷണം നടന്നതു മുതൽ പേടിസ്വപ്നങ്ങള്‍ വേട്ടയാടുകയാണ്. എന്‍റെ മകനും ഭാര്യയും ഗുരുതരമായ രോഗബാധിതരായി. നിങ്ങളുടെ വിലപ്പെട്ട വിഗ്രഹങ്ങള്‍ ഞാന്‍ തിരികെ നല്‍കുന്നു’ കത്തില്‍ മോഷ്ടാവ് പറയുന്നു. ദൈവത്തോടും പൂജാരിയോടും ഇയാള്‍ മാപ്പുചോദിക്കുന്നുമുണ്ട്. മോഷണം നടന്ന് ഏഴു ദിവസത്തിനുള്ളിലാണ് ഇയാള്‍ വിഗ്രഹങ്ങള്‍ തിരികെ ഏല്‍പ്പിച്ചത്.

വിഗ്രഹം പൂജാരിയുടെ നേതൃത്വത്തില്‍ പുനപ്രതിഷ്ഠ നടത്തി. അതേസമയം, കള്ളനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തിന് സമീപവും സമീപ പ്രദേശങ്ങളിലും വിഗ്രഹം കണ്ടെത്തിയ ഹൈവേയിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

In Uttar Pradesh, the thief who stole idols from a temple returned them within days and apologized. In a letter addressed to the temple priest, the thief stated that ever since stealing the idols, he has been plagued by terrifying dreams and illnesses. The incident took place in the Prayagraj district of Uttar Pradesh. The stolen idols were of Radha and Krishna from a temple near the famous Gaughat Ashram.