ഇസ്രയേല്‍ നിര്‍മിത ടൈം മെഷീന്‍ വഴി 40 വയസ് വരെ പ്രായം കുറച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച ദമ്പതികള്‍ 35 കോടി രൂപ തട്ടി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. പ്രതികളായ രാജീവ് കുമാര്‍ ദുബെ, ഭാര്യ രശ്മി എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
കാന്‍പുരിലെ വ്യാജ 'തെറപ്പി'കേന്ദ്രത്തിലൂടെയാണ് രാജീവും രശ്മിയും ടൈം മെഷീന്‍ ഉപയോഗിച്ച് ചികില്‍സ നടത്തി വന്നത്. അറുപത് വയസ് പ്രായമുള്ള ആളെ 25കാരന്‍ യുവാവാക്കി മാറ്റാമെന്നായിരുന്നു വാഗ്ദാനം. 'റിവൈവല്‍ വേള്‍ഡ്' എന്നായിരുന്നു ഇവരുടെ വ്യാജ തെറപ്പി കേന്ദ്രത്തിന്‍റെ പേര്. വയോധികരെ തിരഞ്ഞുപിടിച്ചാണ് രാജീവും രശ്മിയും തട്ടിപ്പിനിരയാക്കിയത്.
ഓക്സിജന്‍ തെറപ്പിയാണ് നടത്തുന്നതെന്നും ഇതോടെ യൗവ്വനം വീണ്ടെടുക്കാനാകുമെന്നും ദമ്പതികള്‍ അവകാശപ്പെട്ടിരുന്നു. അന്തരീക്ഷ മലിനീകരണമാണ് ആളുകള്‍ക്ക് അതിവേഗം പ്രായമാകാനുള്ള കാരണമെന്നും ഓക്സിജന്‍ തെറപ്പി വഴി മാസങ്ങള്‍ക്കുള്ളില്‍ യൗവ്വനം തിരികെ പിടിക്കാമെന്നും ഇവര്‍ വയോധികരെ വിശ്വസിപ്പിച്ചു. ചികില്‍സയ്ക്കായി പ്രത്യേക പാക്കേജുകളും മുന്നോട്ടുവച്ചു. ആറായിരം രൂപയുടെ 10 സെഷനുകളും 90,000 രൂപ നല്‍കി ചേര്‍ന്നാല്‍ പ്രത്യേക സമ്മാനങ്ങളും പാക്കേജിലുണ്ടായിരുന്നു. മണി ചെയിന്‍ മാതൃകയിലായിരുന്നു ദമ്പതികളുടെ തട്ടിപ്പ്.
തട്ടിപ്പിനിരയായതായി വ്യക്തമാക്കി മൂന്ന് ദമ്പതിമാരാണ് പൊലീസില്‍ പരാതി നല്‍കിയത്. രേണു സിങ് ചന്ദേല്‍ എന്ന സ്ത്രീക്ക് 10.75 ലക്ഷം രൂപയാണ് നഷ്ടമായത്. പാക്കേജെടുക്കുന്ന ഒരാള്‍ മറ്റൊരാളെ കൂടി ഓക്സിജന്‍ തെറപ്പിയിലേക്ക് എത്തിച്ചാല്‍ അവര്‍ക്ക് അടുത്ത സെഷന്‍ സൗജന്യമായി നല്‍കി വന്നിരുന്നു. 25ഓളം വയോധിക ദമ്പതികമാര്‍ക്ക് പണം നഷ്ടമായെന്നാണ് പൊലീസിന്‍റെ നിഗമനം.
രാജീവും രശ്മിയും ഒളിവിലാണെന്നും ഇവര്‍ രാജ്യം വിട്ടുവെന്ന സംശയവും പൊലീസിനുണ്ട്. വിമാനത്താവളങ്ങളിലടക്കം ഇവര്‍ക്കായി നോട്ടിസും പതിച്ചിട്ടുണ്ട്. പ്രതികളെ അധികം വൈകാതെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.