പുണെ ലോണാവാലയിലെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചവരുടെ എണ്ണം നാലായി. ഒഴുക്കില്‍പെട്ട ഒന്‍പതുവയസുകാരിയുടെ മൃതദേഹം ഇന്ന് കണ്ടെടുത്തു. നാലുവയസുള്ള കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബം മുഴുവനായി ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ ഏറെ നൊമ്പരപ്പെടുത്തുന്നതായി.   

അപ്രതീക്ഷിതമായി വന്ന കുത്തൊഴുക്കിനെ തടുക്കാന്‍ കുടുംബം ആവത് പരിശ്രമിക്കുന്നത് കാണാം. എന്നാല്‍ കൈവിട്ടുപോയ അവര്‍ പതിച്ചത് മരണത്തിന്‍റെ നിലയില്ലാ കയത്തിലേക്ക്. ഏറെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍. ഇന്നലെ ഉച്ചയോടെ ലോണാവാലയിലെ ഭുഷി ഡാമിന് സമീപമാണ് അപകടം. പുണെയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ ഒരു കുടുംബത്തിലെ പത്തുപേരാണ് ഒഴുക്കില്‍പെട്ടത്. ഇതില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തി. ബാക്കി അഞ്ചുപേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടത്തിയിരുന്നു. മുപ്പത്തിയാറുകാരി ഷഹിസ്ത അന്‍സാരി, പതിമൂന്നുകാരി ആമിന, ഒന്‍പതുവയസുള്ള ഉമേര എന്നിവരാണ് മരിച്ചത്. ഇന്ന് ഒന്‍പതുകാരി മറിയ സെയ്ദിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം നാലായി. 

നാലുവയസുകാരന്‍ അഡ്നാനുവേണ്ടി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം സമീപത്തെ തടാകത്തില്‍ തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഡാം തുറന്നതാണോ വെള്ളം കുത്തിയൊലിച്ച് വരാന്‍ കാരണം എന്ന് അന്വേഷിച്ചുവരികയാണ്. വനംവകുപ്പിന്‍റെയും റെയില്‍വേയുടെയും ഉടമസ്ഥതയിലുള്ള ഈ പ്രദേശത്ത് യാതൊരു സുരക്ഷയും ഇല്ലാതെയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ENGLISH SUMMARY:

Fourth Victim Recovered in Lonavala Bhushi Dam Mishap, Search Continues for Missing Child