dgp-case
  • പണം നല്‍കിയത് ഡി.ഡിയായി
  • കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ട് ഉന്നതരും
  • പണം നല്‍കിയ വിവരം കോടതിയെ അറിയിച്ചു

പ്രവാസിയില്‍ നിന്നു അഡ്വാന്‍സായി വാങ്ങിയ മുഴുവന്‍ പണവും നല്‍കി പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് ഭൂമി വില്‍പന കേസ് ഒത്തുതീര്‍പ്പാക്കി. ഡി.ഡിയായി മുഴുവന്‍ തുകയും മടക്കി നല്‍കിയെന്നു തിരുവനന്തപുരം സബ്കോടതിയെ അറിയിച്ചു. ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍പനയ്ക്കായി വാങ്ങിയ പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്നു പേരൂര്‍ക്കട വില്ലേജിലെ 10.8 സെന്‍റ് കോടതി ജപ്തി ചെയ്തിരുന്നു. ആദ്യം പൊലീസ് മേധാവിയുടെ പവര്‍ കാണിച്ച് പണം നല്‍കാന്‍ വിസമ്മതിച്ച ഷേഖ് ദര്‍വേശ് സാഹിബ് ഒടുവില്‍ അയഞ്ഞു. ഒരു വര്‍ഷം കൂടി നീട്ടി കിട്ടിയ പദവിക്കും കേസ് ദോഷകരമാകുമെന്നു മനസിലാക്കിയതോടെയാണ് വാങ്ങിയ മുഴുവന്‍ പണവും തിരിച്ചു നല്‍കി കേസ് ഒത്തു തീര്‍പ്പാക്കിയത്. 

 

മുപ്പതു ലക്ഷം രൂപയും ഡി.ഡിയായാണ് നല്‍കിയത്. അതീവ രഹസ്യമായിട്ടായിരുന്നു  ഇടപാടുകള്‍. കേസ് തീര്‍പ്പാക്കാന്‍ ഉന്നതരും ഇടനില നിന്നതായാണ് സൂചന. പണം തിരികെ കിട്ടിയ കാര്യം ഇന്നലത്തന്നെ കോടതിയേയും അറിയിച്ചു. പണം തിരികെ നല്‍കുന്ന മുറയ്ക്ക് ജപ്തി നടപടികള്‍ ഒഴിവാകുമെന്നായിരുന്നു കോടതി ഉത്തരവ്. ഇതോടെ കോടതിയിലെ കേസും അവസാനിച്ചു. പണം നല്‍കാനുള്ളത് മാധ്യമങ്ങളോടു പറഞ്ഞ ഉമര്‍ഷെരീഫും ഇപ്പോള്‍ പ്രതികരണത്തിനു തയ്യാറായില്ല. 

വായ്പ ബാധ്യതയില്ലെന്നു കരാര്‍ എഴുതിയിട്ടും ബാധ്യത ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരാറില്‍ നിന്നു പ്രവാസി പിന്‍മാറി അഡ്വാന്‍സ് തുക തിരികെ വേണമെന്നു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം തിരികെ നല്‍കാന്‍ ഡിജിപി തയ്യാറായില്ല. പിന്നീട് കോടതിയെ സമീപിച്ചപ്പോഴാണ് ജപ്തി നടപടികള്‍ ഉണ്ടായത്. മേയ് 25 നു ഉത്തരവ് വന്നിട്ടും പണം ഡിജിപി മടക്കി നല്‍കിയിരുന്നില്ല. പിന്നീടാണ് ഉമര്‍ ഷെരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരണം നടത്തിയത്.

ENGLISH SUMMARY:

Kerala DGP paid complete amount to expat in alleged land case.