school-bus

നാല്‍പ്പതോളം കുട്ടികളുമായിപോയ സ്കൂള്‍ ബസ് മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബ്രേക്ക് തകരാറിലായതാണ് കാരണമെന്ന് പറയുമ്പോഴും സ്കൂള്‍ ബസ്സിന്‍റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം.

ഡല്‍ഹി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു സ്കൂള്‍ ബസ്സിലുണ്ടായിരുന്നത്. ദേശീയപാത 9–ലാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു സ്കൂള്‍ ബസ്സെന്നും ആരോപണമുണ്ട്. അപകട സമയത്ത് കനത്ത മഴയുണ്ടായിരുന്നു. റോഡില്‍ വെള്ളമുണ്ടായിരുന്നത് വാഹനം നിയന്ത്രിക്കുന്നതിനും പ്രയാസമുണ്ടാക്കി എന്നാണ് വിവരം. ഇതോടെയാണ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചത്.

സംഭവത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിനടിയിലേക്ക് കാറിനെ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ട്രക്ക് വളരെ വേഗത കുറച്ചാണ് ഓടിക്കൊണ്ടിരുന്നത് എന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ സുരക്ഷിതമായി പുറത്തെത്തിച്ചു. കാറിന്‍റെ ഇടതുവശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്കൂള്‍ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ബൈക്ക് യാത്രികന്‍റെ നില അതീവഗുരുതരമാണെന്നും നിലവില്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനാകില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

A school bus with 40 children crashed into several vehicles in Haryana's Hisar. The bus with students of Delhi Public School was speeding down National Highway 9 in heavy rains when the accident happened.