പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം. 130ലധികം പേര്‍ക്ക് പരുക്ക് പറ്റി. ഓഡിഷയില്‍ രഥയാത്രയോടനുബന്ധിച്ച് പുരി, ജര്‍സുഗുഡു എന്നീ രണ്ട് ജില്ലകളില്‍ നടന്ന വ്യത്യസ്തമായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. ആയിരക്കണക്കിന് വിശ്വാസികളാണ് രഥയാത്രയില്‍ പങ്കെടുക്കാനായി എത്തിയത്.
പുരിയിലെ രഥയാത്രക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് ഒരാള്‍ മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ജാര്‍സുഗുഡുവിലെ രഥയാത്രക്കിടെ ശ്യാം സുന്ദര്‍ കിഷന്‍ എന്ന യുവാവ് കൂറ്റന്‍ രഥചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരണപ്പെട്ടത്.
സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. തിക്കിലും തിരക്കിലും പരുക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 130 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും നിര്‍ജലീകരണവും ഛര്‍ദിയും ഉണ്ടായി. പരുക്കേറ്റവരില്‍ പകുതി പേരും ആശുപത്രി വിട്ടെന്നും 40 പേര്‍ ചികില്‍സയിലാണെന്നും പറഞ്ഞു. അപകടത്തിന് പിന്നാലെ 180 പ്ലാറ്റൂണ്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും സ്ഥലത്ത് സുരക്ഷ വര്‍ധിപ്പിച്ചു.