കൃഷിയിടത്തില്‍ അതിക്രമിച്ച് കയറി വിളകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവതിയെ മര്‍ദിച്ച് വിസര്‍ജ്യം തീറ്റിച്ചെന്ന് പരാതി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. 20കാരിയായ ആദിവാസി യുവതിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. അഭയ് ബാഗെന്ന അയല്‍വാസിയാണ് പ്രതി.
നവംബര്‍ 16ന് ബംഗാമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. യുവതിയുടെ കൃഷിയിടത്തില്‍ ട്രാക്ടറുമായി അഭയ് ബാഗ് അതിക്രമിച്ച് കയറിയത് യുവതി ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ അഭയ് തിരികെ കൃഷിയിടത്തിലേക്ക് എത്തിയ ശേഷം യുവതിയെ അടിച്ച് അവശയാക്കുകയും മനുഷ്യ വിസര്‍ജ്യം മുഖത്ത് വാരിത്തേക്കുകയും തീറ്റിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുവിന് നേരെയും ഉപദ്രവമുണ്ടായെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ പരാതി നല്‍കി നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബിജെഡി എംപി നിരഞ്ജന്‍ ബിസി ആരോപിച്ചു. ക്രമസമാധാനം തകര്‍ന്ന നിലയിലാണെന്നും ആദിവാസികള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നും എസ്പി വിശദീകരിച്ചു. അതിവേഗത്തില്‍ നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ത്തുന്നത്.